കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 19 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ചോരേബാഗാന്‍ സര്‍വജനീന്‍ ദുര്‍ഗോത്സവ് സമിതി സെക്രട്ടറി രാജ്കുമാര്‍ സേവ്ദ എന്ന രാജ (48), വൈസ് പ്രസിഡന്റ് ശാന്തനു ദുബെ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പന്തലില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി മുളകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിപ്ലവ് മുഖര്‍ജി എന്ന ജോയ് (48), ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വിഐപി പാസുകള്‍ പരിശോധിക്കാനും ചുമതലയുണ്ടായിരുന്ന കൗശിക് സാഹ (53), പിന്റു ഡേ (51) എന്നിവരും അറസ്റ്റിലായി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സുമന്‍ ചക്രവര്‍ത്തി (30), രാജേഷ് പാല്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. നിലവില്‍ 19 പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തയിലെ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം കാളിഘട്ട് കാളി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അപകടത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുവേന്ദു അധികാരി അറിയിച്ചു. ദുരന്തത്തില്‍ ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്കായി പ്രധാനമന്ത്രി സഹായവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share