മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്.

ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചായിരുന്നു നടപടി.

എറണാകുളം റൂറലിൽ ഏറ്റവും കൂടുതൽ കേസുകൾ

ജില്ല തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ്. ഇവിടെ 710 കേസുകളാണ് എടുത്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തു.

ഏറ്റവും കുറവ് കേസുകൾ കാസർകോട് ജില്ലയിലാണ്. ഇവിടെ 75 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി. അപകടങ്ങൾ കുറയ്‌ക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി വാഹനപരിശോധന തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Share