കൊച്ചി: നെടുമ്പാശേരി വാഹനാപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന് കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് താനും കുടുംബവും പൂർണ പിന്തുണ നൽകുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അവർ പറഞ്ഞു. ആലപ്പുഴയിലും കൊച്ചിയിലും പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമ കൂടിയാണ് നൂഹ സജീവ്.
അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായതെന്ന് ചൂണ്ടിക്കാട്ടിയ നൂഹ, ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോഴുള്ള അമ്മയുടെ വേദന തനിക്ക് അറിയാമെന്നും പറഞ്ഞു. തന്റെ വാക്കുകൾകൊണ്ട് മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖം മാറ്റാനാകില്ലെന്ന് അറിയാമെന്നും അവർ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും നിയമനടപടികൾ സത്യസന്ധമായി മുന്നോട്ടുപോകണമെന്നും നൂഹ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സത്യമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരേണ്ടതെന്നും അവർ പറഞ്ഞു.
‘മരിച്ച കുഞ്ഞുങ്ങളെ ഓർത്തും എനിക്ക് സങ്കടമുണ്ട്’
അപകടം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും കുടുംബത്തിനെതിരെ ജനങ്ങൾക്ക് ദേഷ്യമുണ്ടാകുമെന്ന് അറിയാമെന്നും നൂഹ പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് അവർ അഭ്യർഥിച്ചു.
“എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് എനിക്ക് വിഷമമുണ്ട്. അതുപോലെ തന്നെ മരിച്ച കുഞ്ഞുങ്ങളെ ഓർത്തും എനിക്ക് സങ്കടമുണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്,” എന്നായിരുന്നു നൂഹയുടെ പ്രതികരണം.
വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തന്റെയും കുടുംബത്തിന്റെയും പിന്തുണ അറിയിക്കുന്നതായും നൂഹ വ്യക്തമാക്കി.
‘ഞങ്ങൾ നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം’
അപകടവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവയ്ക്കുമ്പോൾ താനും ഒരു അമ്മയാണെന്ന കാര്യം മറക്കരുതെന്ന് നൂഹ അഭ്യർഥിച്ചു. തങ്ങളുടെ കുടുംബവും സാധാരണ മനുഷ്യരുടേതുപോലെയാണെന്നും സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കിടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ പറഞ്ഞു.
“ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കുക. ഞങ്ങളെപ്പറ്റിയുള്ള വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഓർക്കുക. നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ് ഞങ്ങളും,” എന്നും നൂഹ സജീവ് വീഡിയോയിൽ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് സുഹൈലിന്റെ മാതാവിന്റെ പ്രതികരണം പുറത്തുവന്നത്.















