ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കിടെ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ. ഇത്തരം ശബ്ദശല്യങ്ങൾ നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിൽ കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവരിൽനിന്ന് 1,000 രൂപ പിഴ ഈടാക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. നിയമലംഘനം നടത്തുന്നവരെ ട്രെയിൻ കോച്ചുകളിൽനിന്ന് മാത്രമല്ല, റെയിൽവേ പരിസരത്തുനിന്നും പുറത്താക്കാനും നടപടിയുണ്ടാകും.

കുറ്റം ആവർത്തിച്ചാൽ ആറുമാസം തടവ്

നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നടപടികളാണ് നിർദേശിച്ചിരിക്കുന്നത്. കുറ്റം ആവർത്തിച്ചാൽ ആറുമാസം വരെ തടവും 5,000 രൂപ വരെ പിഴയും ലഭിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

യാത്രക്കാരുടെ സമാധാനത്തെയും സഞ്ചാരസൗകര്യത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയുകയാണ് നടപടിയുടെ ലക്ഷ്യം. ദീർഘദൂര യാത്രകളിലും തിരക്കേറിയ ട്രെയിനുകളിലും മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുന്നതും ശബ്ദമുയർത്തി സംസാരിക്കുന്നതും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാറുണ്ട്.

മെട്രോ റെയിൽ മാതൃക പിന്തുടരുന്നു

നിലവിലുള്ള നിയമപ്രകാരം മെട്രോ റെയിൽ സംവിധാനങ്ങളിൽ ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾക്ക് പിഴ ഈടാക്കാനും കുറ്റക്കാരെ കോച്ചുകളിൽനിന്ന് പുറത്താക്കാനും വ്യവസ്ഥയുണ്ട്. ഈ മാതൃകയാണ് ദക്ഷിണ റെയിൽവേ പിന്തുടരുന്നത്.

Share