ഗ്വായാക്വിൽ: ഇക്വഡോറിലെ പള്ളിയിൽ ദിവ്യബലി അർപ്പിക്കുന്നതിനിടെ ചുമരിൽ സ്ഥാപിച്ചിരുന്ന കുരിശ് വീണ് വൈദികന് ദാരുണാന്ത്യം. ഫാദർ പട്രീഷ്യോ സാഞ്ചസ് (53) ആണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസമാണ് ഗ്വായാക്വിലിലെ പള്ളിയിൽ അപകടമുണ്ടായത്. ഫാദർ പട്രീഷ്യോ സാഞ്ചസ് ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കുരിശ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. കുരിശ് നേരിട്ട് വൈദികന്റെ മേൽ പതിച്ചതോടെ അദ്ദേഹം നിലത്തുവീണു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ദിവ്യബലിയുടെ തത്സമയ സംപ്രേഷണത്തിനിടെ പകർത്തിയ ദൃശ്യങ്ങളിൽ കുരിശ് അൾത്താരയിലേക്ക് വീഴുന്നതും തുടർന്ന് വൈദികൻ നിലത്തുവീഴുന്നതും കാണാം.
മരണം സ്ഥിരീകരിച്ച് ഗ്വായാക്വിൽ അതിരൂപത
ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഫാദർ പട്രീഷ്യോ സാഞ്ചസിന്റെ മരണം ഗ്വായാക്വിൽ അതിരൂപത സ്ഥിരീകരിച്ചത്. പള്ളിയിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, ‘കോൺഗ്രഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ’ എന്ന സഭാസമൂഹത്തിലെ പ്രമുഖ അംഗവുമായിരുന്നു.
ദിവ്യബലിക്കിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പള്ളിയിലെ മതചടങ്ങിനിടെ നടന്ന ദുരന്തം വിശ്വാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.