കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത ആന്ധ്രാപ്രദേശ് സ്വദേശിനിയെ മനുഷ്യക്കടത്തിന് ഇരയാക്കി വിവിധ സ്പാകളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തതായി മൊഴിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയമ്മ നാഗലക്ഷ്മി (39), ഭര്‍ത്താവ് ഗോപി (29) എന്നിവരെ ആന്ധ്രാപ്രദേശില്‍നിന്ന് കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നേരത്തേ അറസ്റ്റിലായ സ്പാ ഉടമകളായ മാവേലിക്കര സ്വദേശി സജിത് കുമാര്‍ (47), പൂവാര്‍ സ്വദേശി നിശാന്ത് (46) എന്നിവര്‍ റിമാന്‍ഡിലാണ്.

മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ഇളയമ്മയും ഭര്‍ത്താവും മനുഷ്യക്കടത്ത് സംഘവുമായി ചേര്‍ന്ന് കുട്ടിയെ ചൂഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്പാകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ആദ്യം പെണ്‍കുട്ടിയെ ചെന്നൈയിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് വിവരം. തുടര്‍ന്ന് കൂടുതല്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ജൂലൈയില്‍ കോവളത്തെത്തിച്ചു. കോവളത്തും വിഴിഞ്ഞത്തുമുള്ള വിവിധ സ്പാകളില്‍ എത്തിച്ച് തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. ഒരു ദിവസം സ്പായില്‍വച്ച് പതിനഞ്ചോളം പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

തുടര്‍ച്ചയായ പീഡനം സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടി സ്പായില്‍ ജോലി ചെയ്തിരുന്ന നെയ്യാര്‍ഡാം സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചുപോയി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ കോവളം പൊലീസില്‍ പരാതി നല്‍കി. യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വിവര്‍ത്തകന്റെ സഹായത്തോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് മനുഷ്യക്കടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്. മനുഷ്യക്കടത്ത്, പോക്‌സോ, ബലാത്സംഗം, ജുവനൈല്‍ ജസ്റ്റിസ് നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിലും പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോവളം പൊലീസ് മറ്റൊരു സീറോ എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ചെന്നൈയിലെ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി സംശയിക്കുന്ന കോവളത്തെ രണ്ട് സ്പാകളില്‍നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സ്പാകളില്‍ എത്തിയവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ ബുക്കുകള്‍ ഒളിപ്പിച്ചതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ പങ്കുള്ളവരെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. ദക്ഷിണ മേഖല ഐജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Share