മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മകന്റെ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവ് അടിച്ചെന്നു പറയപ്പെടുന്ന പരിക്കേറ്റ് മകൻ മരിച്ചു. കോഴിക്കോട് മീഞ്ചന്ത സ്വദേശി മിസാദാണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മർകോയക്കും പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതേ വിഷയത്തെച്ചൊല്ലി ഇന്നും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കത്തിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മർകോയ മിസാദിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ മിസാദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവിനും പരിക്ക്; അന്വേഷണം തുടങ്ങി

സംഭവത്തിൽ പരിക്കേറ്റ ഉമ്മർകോയയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിനുള്ളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തർക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Share