മക്ക/ധാക്ക: മക്കയിലെ പള്ളിക്കുള്ളിൽ ‘അധാർമിക പ്രവൃത്തികൾ’ നടത്തിയെന്നാരോപിച്ച് രണ്ട് ബംഗ്ലാദേശി പൗരന്മാരെ വധിച്ച സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം, വിചാരണയിലെ സുതാര്യത, നീതിപൂർവമായ വിചാരണ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെ, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ബംഗ്ലാദേശ് അധികൃതരെ അറിയിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളും വിവാദം വർധിപ്പിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നസ്റുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരാണ് വധിക്കപ്പെട്ടത്. ഒക്ടോബർ 14നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രവൃത്തി എന്താണെന്നോ അറസ്റ്റ്, വിചാരണ എന്നിവ സംബന്ധിച്ച വിശദാംശങ്ങളോ സൗദി അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല.
പള്ളിക്കുള്ളിൽ ഇരുവരും ചുംബിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നെറ്റിയിൽ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന വാദവും ചിലർ ഉന്നയിച്ചു. എന്നാൽ ഈ അവകാശവാദങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്റുലിനെതിരായ ആരോപണങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതായും ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിന്റെ സ്വഭാവവും വിചാരണയുടെ നടപടിക്രമങ്ങളും വ്യക്തമാക്കാത്തതാണ് വിവാദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കേസിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും വധശിക്ഷയിലേക്ക് നയിച്ച നിയമനടപടികളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടണമെന്നും ബന്ധുക്കളും നിരീക്ഷകരും ആവശ്യപ്പെടുന്നു.
ആരാണ് വധിക്കപ്പെട്ട രണ്ട് ബംഗ്ലാദേശികൾ?
ബംഗ്ലാദേശിലെ ചട്ടോഗ്രാം ഡിവിഷനിലുള്ള ബ്രാഹ്മൺബാരിയ സദർ ഉപസില സ്വദേശിയാണ് നസ്റുൽ ഇസ്ലാം അബ്ദുൽ ബാസിർ. 2022 നവംബറിൽ സൗദി അറേബ്യയിലെത്തിയ ഇയാൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു.
ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തെന്നും തുടർന്ന് വധശിക്ഷ നടപ്പാക്കുന്നതുവരെ ജയിലിൽ തുടർന്നെന്നും കുടുംബം പറഞ്ഞതായി ബംഗ്ലാദേശി പത്രം പ്രഥം ആലോ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 11നാണ് നസ്റുലുമായി അവസാനമായി സംസാരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നുദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചു.
വാർത്ത കേട്ടതോടെ നസ്റുലിന്റെ 65 വയസ്സുള്ള അമ്മായി അബേദ ബീഗം കുഴഞ്ഞുവീണെന്നും പിന്നീട് മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
സൗദിയിൽ 24 വർഷം ജോലി ചെയ്തിട്ടുള്ള നസ്റുലിന്റെ പിതാവ് അബ്ദുൽ ബാസിർ, മകന് നീതിപൂർവമായ വിചാരണ ലഭിച്ചില്ലെന്നാണ് വിശ്വസിക്കുന്നതെന്ന്ബംഗ്ലാദേശി പത്രം ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. ന്യായമായ കാരണമില്ലാതെയാണ് മകനെ വധിച്ചതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നസ്റുൽ മാന്യമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പാകിസ്ഥാൻ സ്വദേശിയായ സഹപ്രവർത്തകനുമായി നസ്റുലിന് തർക്കമുണ്ടായിരുന്നുവെന്നും ഇയാൾ ഗൂഢാലോചന നടത്തിയെന്ന സംശയമുണ്ടെന്നും ബന്ധുക്കളായ മൊസ്താകിം ഭൂയാനും ഇമാം ഹസൻ ഭൂയാനും പ്രഥം ആലോയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സിതി അക്തറിനെക്കുറിച്ചുള്ള വിവരങ്ങളും പരിമിതമാണ്. നസ്റുലിന്റെ പിതാവ് സിതിയെ കുടുംബത്തിന് പരിചയമില്ലെന്നും ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കേട്ടതെന്നും പറഞ്ഞു. അതേസമയം, നസ്റുൽ സിതിയുമായി പ്രണയബന്ധമുണ്ടായിരുന്നെന്ന് ഒരിക്കൽ സമ്മതിച്ചിരുന്നതായി അജ്ഞാതനായ ഒരു ബന്ധു ബിബിസി ബംഗ്ലയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള വിമാനബന്ധം തടസ്സപ്പെട്ടതാണ് തിരിച്ചയക്കൽ വൈകാൻ കാരണമെന്ന് ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
എന്തുകൊണ്ടാണ് വധശിക്ഷ വിവാദമായത്?
കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താത്തതും വിചാരണയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതുമാണ് ബംഗ്ലാദേശിലും അന്താരാഷ്ട്രതലത്തിലും പ്രതിഷേധത്തിന് ഇടയാക്കിയത്.
ഒരു സാധാരണ ചുംബനത്തിന്റെ പേരിൽ വധശിക്ഷ നടപ്പാക്കിയെന്ന സമൂഹമാധ്യമ പ്രചാരണമുണ്ട് . എന്നാൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സൗദിയോ ബംഗ്ലാദേശോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബംഗ്ലാദേശ് പത്രപ്രവർത്തകനായ സഫർ സോബ്ഹാൻ സംഭവത്തെ നീതിനിഷേധമായി വിശേഷിപ്പിച്ചു. കേസിലെ കുറ്റാരോപണം, തെളിവുകൾ, വിചാരണയുടെ സ്വഭാവം എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ രണ്ട് പേരുടെ ജീവനെടുത്തത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് വിമർശകരുടെ നിലപാട്.
ഓക്സ്ഫഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ റയ്ഹാൻ റഷീദും നടപടിക്രമങ്ങളിലെ സുതാര്യതക്കുറവിനെ വിമർശിച്ചു. പ്രതികൾക്ക് നീതിപൂർവമായ വിചാരണ ലഭിച്ചിരുന്നോ, കുടുംബത്തിനോ കോൺസുലാർ പ്രതിനിധികൾക്കോ ഇടപെടാൻ അവസരമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
വിദേശരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് കോൺസുലാർ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്ന വ്യവസ്ഥയുള്ള വിയന്ന കൺവെൻഷനിലെ ആർട്ടിക്കിൾ 36ഉം വിദേശ പൗരന്റെ മരണവിവരം ബന്ധപ്പെട്ട കോൺസുലേറ്റിനെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 37ഉം അഭിഭാഷകൻ റയ്ഹാൻ റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.
വധശിക്ഷ സംബന്ധിച്ച് സൗദി നിയമം പറയുന്നത്?
സൗദി അറേബ്യയിൽ ഇസ്ലാമിക നിയമത്തിന്റെ വിവിധ വിഭാഗങ്ങൾ പ്രകാരമാണ് വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരശിക്ഷയായ ഖിസാസ്, നിർദിഷ്ട കുറ്റങ്ങൾക്ക് ബാധകമായ ശിക്ഷകളായ ഹുദൂദ്, ജഡ്ജിമാർക്ക് വിവേചനാധികാരമുള്ള തഅ്സീർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇരുവരുടെയും വധശിക്ഷ തഅ്സീർ വിഭാഗത്തിൽപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ. ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾ ശിക്ഷ ശരിവെച്ചതിനു പിന്നാലെ രാജകീയ ഉത്തരവിലൂടെ മക്ക മേഖലയിൽ ശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 2025ൽ കുറഞ്ഞത് 356 വധശിക്ഷകൾ നടപ്പാക്കിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പലതും അക്രമരഹിതമായ മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
2022ലെ ഒരു അഭിമുഖത്തിൽ കൊലപാതകക്കേസുകളിലേക്ക് വധശിക്ഷ പരിമിതപ്പെടുത്തിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു.
വധശിക്ഷയ്ക്ക് മുമ്പ് ബംഗ്ലാദേശിനെ അറിയിച്ചിരുന്നോ?
കേസിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയരുന്നത് ബംഗ്ലാദേശ് അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തിലാണ്. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് സൗദി അറിയിച്ചിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമ ഒബൈദ് ഇസ്ലാം, വധശിക്ഷയുടെ സാഹചര്യങ്ങൾ, ഇരുവരുടെയും തൊഴിൽ, സൗദിയിലെ താമസം തുടങ്ങിയവ സംബന്ധിച്ച് റിയാദിൽനിന്ന് വിശദമായ ഔദ്യോഗിക വിവരങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
സൗദി അംബാസഡർ അബ്ദുല്ല സാഫർ എച്ച് ബിൻ അബിയയോട് ബംഗ്ലാദേശ് വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്. നേരത്തേ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക നയതന്ത്രക്കുറിപ്പും നൽകിയിരുന്നു.
ദ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം, ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് സെപ്റ്റംബറിൽ സൗദി ജയിലുകളിലുള്ള ബംഗ്ലാദേശി പൗരന്മാരുടെ പട്ടിക സ്വീകരിച്ചിരുന്നു. അതിൽ നസ്റുലിന്റെയും സിതിയുടെയും പേരുകളുണ്ടായിരുന്നെങ്കിലും വധശിക്ഷ സംബന്ധിച്ച വിവരം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരായ കുറ്റങ്ങൾ യഥാക്രമം ‘വ്യഭിചാരം’, ‘ഐസിടി’ എന്നിങ്ങനെയാണ് പട്ടികയിൽ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇരുവരും കോൺസുലാർ സഹായം തേടിയിരുന്നില്ലെന്നാണ് കോൺസുലേറ്റിന്റെ വിശദീകരണം. നസ്റുലിന്റെ അറസ്റ്റ് കുടുംബത്തിന് അറിയാമായിരുന്നെങ്കിലും അന്നുതന്നെ ബംഗ്ലാദേശ് അധികൃതരെ അറിയിച്ചിരുന്നോ എന്നത് വ്യക്തമല്ല.
രണ്ട് രാജ്യങ്ങളും വിയന്ന കൺവെൻഷനിൽ ഒപ്പുവെച്ചിട്ടും വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായതെന്തുകൊണ്ടാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറും ചോദ്യം ചെയ്തതായി ദ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ഉത്തരമില്ലാതെ തുടരുന്ന ചോദ്യങ്ങൾ
നസ്റുൽ ഇസ്ലാം അബ്ദുൽ ബാസിറിന്റെയും സിതി അക്തറിന്റെയും വധശിക്ഷയെക്കുറിച്ച് കുടുംബങ്ങൾ ഇപ്പോഴും വ്യക്തമായ ഉത്തരങ്ങൾ തേടുകയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം, വിചാരണയിലെ തെളിവുകൾ, നിയമനടപടികൾ, വധശിക്ഷയ്ക്ക് മുമ്പുള്ള കോൺസുലാർ അറിയിപ്പ് എന്നിവയിൽ വ്യക്തതയില്ല.
വധശിക്ഷ നടപ്പാക്കിയതായി സൗദി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരോപിക്കപ്പെട്ട പ്രവൃത്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചുംബനമാണ് കേസിന്റെ അടിസ്ഥാനമെന്ന പ്രചാരണവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
റിയാദിൽനിന്ന് ഔദ്യോഗിക വിശദീകരണം തേടിയിരിക്കുകയാണ് ധാക്ക. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതുവരെ വിചാരണയുടെ നീതിപൂർവതയും നടപടികളിലെ സുതാര്യതയും സംബന്ധിച്ച ചോദ്യങ്ങൾ ഈ സംഭവത്തെ ചുറ്റിപ്പറ്റി തുടരും.