ന്യൂഡൽഹി: 2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിമാഫിയയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വികസനത്തെയും യുവതലമുറയുടെ ഭാവിയെയും ഒരുപോലെ ബാധിക്കുന്ന ഗുരുതര വെല്ലുവിളിയാണ് ലഹരിയെന്നും ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ ബാധ്യതയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നക്സൽ വിരുദ്ധ പോരാട്ടത്തിനറെ മാതൃകയിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 21-ന് ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകത്തിൽ നടന്ന പൊലീസ് അനുസ്മരണ ദിനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അടുത്ത മൂന്ന് വർഷക്കാലം ലഹരിക്കെതിരെ പോരാട്ടം നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലഹരിക്കടത്ത് തടയുന്നതിനൊപ്പം ലഹരിവിൽപ്പനയ്ക്ക് പിന്നിലുള്ള ശൃംഖലകളെ തകർക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പ്രാധാന്യം നൽകുമെന്ന് ഷാ വ്യക്തമാക്കി.
ലഹരിക്കെതിരെ രാജ്യമൊന്നിച്ച്; നാലു മേഖലകളിൽ ഊന്നൽ
2026 മുതൽ 2029 വരെയുള്ള കാലയളവിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളും സമയക്രമവും നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യവിവര ശേഖരണവും പരിശോധനകളും ശക്തമാക്കുക, ലഹരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും സിന്തറ്റിക് ലഹരിവസ്തുക്കളുടെയും നിയന്ത്രണം ഉറപ്പാക്കുക, ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും പ്രാധാന്യം നൽകുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനശേഷിയും വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന മേഖലകൾ.
വിദ്യാർഥികളിലും യുവാക്കളിലും ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുന്നതിനും ചികിത്സാ–പുനരധിവാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പദ്ധതിയിൽ ഊന്നൽ നൽകുന്നുണ്ട്. നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), മൈ ഭാരത് തുടങ്ങിയ സംവിധാനങ്ങളിലൂടെ ലഹരിവിരുദ്ധ പ്രവർത്തകരെ സജ്ജമാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
തിരഞ്ഞെടുപ്പ് സുരക്ഷയിലും പൊലീസിന്റെ പങ്ക്
പശ്ചിമ ബംഗാളിലെ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച ഷാ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഒരാൾ പോലും കൊല്ലപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങൾ നിയന്ത്രിക്കുന്നതിലും കേന്ദ്രസേനകളും സംസ്ഥാന പൊലീസും നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം അനുസ്മരിച്ചു. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ദേശീയ പൊലീസ് സ്മാരകം സുരക്ഷാസേനാംഗങ്ങളുടെ ത്യാഗങ്ങൾ ഓർമിപ്പിക്കുന്ന ഇടമാണെന്നും ഷാ പറഞ്ഞു.