മലപ്പുറം: ഡയാലിസിസിനായി ആശുപത്രിയിൽ പോയ രോഗിയുടെ വീട്ടിൽ മോഷണം. കൊണ്ടോട്ടി ടൗണിലെ ബസ് സ്റ്റാൻഡിന് പിറകിലുള്ള തൈത്തോട്ടത്ത് കോഴിക്കോടൻ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് മോഷണം പോയത്.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ മൊയ്തീൻകുട്ടി മുക്കം കെ.എം.സി.ടി ആശുപത്രിയിൽ ഡയാലിസിസിനായി പോകാറുണ്ട്. ഈ സാഹചര്യം മുതലെടുത്താണോ മോഷണം നടത്തിയതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൊയ്തീൻകുട്ടിയുടെ വീടിന് ഏകദേശം 200 മീറ്റർ അകലെയുള്ള ഇപ്പുണി അബ്ദുൽ ഗഫൂറിന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. അടുക്കള ഭാഗത്തെ ചെറിയ വെന്റിലേഷൻ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അലമാര പൊളിച്ച് അകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. രണ്ട് വീടുകളിലും നടന്ന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.