ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മുംബൈ സിറ്റി എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കാത്തത് ആരാധകരെ ആശങ്കയിലാക്കുന്നു. ഞായറാഴ്ച കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതുവരെ വില്‍പ്പനയ്‌ക്ക് എത്തിയിട്ടില്ല. സ്റ്റേഡിയം വാടകയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) തമ്മില്‍ ധാരണയാകാത്തതാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച തന്നെ ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മത്സരം അടുത്തെത്തിയിട്ടും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. ടിക്കറ്റുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ഇതോടെ നിരാശയും അനിശ്ചിതത്വവും ശക്തമായിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ വാടകയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് ഏകദേശം 8.40 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്ന വാടക പിന്നീട് ഒരു മത്സരത്തിന് മൂന്നര ലക്ഷം രൂപയായി കുറച്ചിരുന്നു. അന്ന് ചെയര്‍മാന്‍ ഉള്‍പ്പെട്ട സമിതിയാണ് ഇളവ് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളുടെ സമയത്തും വാടകയെച്ചൊല്ലി സമാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണയും മുന്‍പ് അനുവദിച്ച ഇളവിന് സമാനമായ ആനുകൂല്യം കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതായാണ് സൂചന. അതേസമയം, ഒരു മത്സരത്തിന് പത്ത് ലക്ഷം രൂപ വരെ വാടക ലഭിക്കണമെന്നാണ് ജിസിഡിഎയുടെ പ്രതീക്ഷയെന്നാണ് വിവരം.

വാടകയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ആവശ്യമായതിനാല്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജിസിഡിഎയില്‍ നിലവില്‍ ചെയര്‍മാന്‍ ഇല്ലാത്തതും തീരുമാനം വൈകാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ കെ. ചന്ദ്രന്‍പിള്ള രാജിവച്ചതോടെയാണ് ഈ സാഹചര്യമുണ്ടായത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്ലാതെ വാടകയില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് ജിസിഡിഎ ഉദ്യോഗസ്ഥരുടെ നിലപാട്. ചെയര്‍മാനില്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കുന്നതിലും പരിമിതികളുണ്ടെന്നാണ് വിശദീകരണം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അതേസമയം, വാടക കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഔദ്യോഗിക അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് ജിസിഡിഎ അറിയിക്കുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമുണ്ടാകാത്തതോടെ ടിക്കറ്റ് വില്‍പ്പന എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

Share