തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എൻജിനിലെ നാല് ചക്രങ്ങളാണ് പാളത്തിൽനിന്ന് തെന്നിമാറിയത്. കഴിഞ്ഞ ദിവസം മുതൽ തിരുവനന്തപുരം ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഈ ഭാഗം ഏകപാതയായതിനാൽ മറ്റ് ട്രെയിനുകൾക്കും ഇതുവഴി കടന്നുപോകാനാകാത്ത സാഹചര്യമാണുള്ളത്. ഇതോടെ യാത്രക്കാർക്ക് ബസ് ഉൾപ്പെടെയുള്ള മറ്റ് യാത്രാസംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.
റെയിൽവേ ട്രാക്കിലെ മണ്ണ് നീക്കംചെയ്യാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പാളം തെറ്റിയ എൻജിൻ വീണ്ടും ട്രാക്കിലേക്ക് കയറ്റിയശേഷം ട്രെയിൻ മാറ്റാനാണ് അധികൃതരുടെ ശ്രമം.
ഉച്ചയോടെ ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ ബാധിക്കാനിടയുണ്ട്.