4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

Published by
ജനം വെബ്‌ഡെസ്ക്

കാബൂൾ: നാല് ഭാര്യമാരിലായി 58 ജീവിച്ചിരിക്കുന്ന മക്കൾ…. കുടുംബത്തിലെ വിശപ്പകറ്റാൻ പോലും കഴിയാത്ത സാമ്പത്തികാവസ്ഥ. അഫ്ഗാനിസ്ഥാനിൽ മുഹമ്മദ് സാദിഖിന്റെ ജീവിതം കടുത്ത ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചയാവുകയാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും പണമില്ലാത്തതിനാൽ ചില കുട്ടികൾ വിശന്നുറങ്ങുകയും ചെരിപ്പില്ലാതെ നടക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ബിബിസി ഗ്ലോബൽ വിമൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മുഹമ്മദ് സാദിഖിന് 70-ലധികം മക്കളുണ്ട്. ഇതിൽ 58 പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ഇളയ കുട്ടി. കൃത്യമായ വാതിലുകളോ ജനലുകളോ ഇല്ലാത്ത മൺവീടുകളിലാണ് കുടുംബം കഴിയുന്നത്. പാചകം ചെയ്യാൻ വിറക് വാങ്ങാൻ പോലും പണമില്ലാത്തതിനാൽ ചിലപ്പോൾ കടലാസ് കത്തിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.

കാറുകൾ വിറ്റാൽ 1,000 അഫ്ഗാനി

കാർ വിൽപ്പനശാലയിൽ ജോലി ചെയ്യുന്ന സാദിഖിന് ഒരു കാർ വിറ്റാൽ ലഭിക്കുന്നത് 1,000 അഫ്ഗാനി മാത്രമാണ്. ഏകദേശം 15 ഡോളറാണ് ഇത്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം. ഇത്രയും വലിയ കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ ഈ തുക മതിയാകുന്നില്ല.

മക്കളുടെ പേരുകൾ പോലും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സാദിഖ് സമ്മതിച്ചു. പലപ്പോഴും ‘മോനേ’ എന്നോ ‘കുട്ടീ’ എന്നോ മാത്രമാണ് വിളിക്കാറുള്ളതെന്നും  സാദിഖ്  പറഞ്ഞു. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും സാദിഖ് തുറന്നുപറഞ്ഞു.

ചെറുപ്രായത്തിലെ വിവാഹവും ശിശുമരണങ്ങളും

ചെറുപ്രായത്തിലാണ് നാല്  വിവാഹവും കഴിച്ചതെന്ന് സാദിഖ് വെളിപ്പെടുത്തി. കുട്ടികളെ പരിചരിക്കുന്നതിലും മുലയൂട്ടുന്നതിലും പരിചയക്കുറവുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ചില മക്കൾ ക്ഷയരോഗം, വില്ലൻചുമ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ രൂക്ഷമായ പ്രതിസന്ധി

സാദിഖിന്റെ കുടുംബത്തിന്റെ അവസ്ഥ അഫ്ഗാനിസ്ഥാനിലെ ദാരിദ്ര്യത്തിന്റെയും മാനുഷിക പ്രതിസന്ധിയുടെയും വ്യാപ്തി വ്യക്തമാക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ നാലിൽ മൂന്ന് പേർക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല.

ബാലവിവാഹവും രാജ്യത്ത് വലിയ ആശങ്കയായി തുടരുന്നു. 2023-ലെ യുനിസെഫ് കണക്കുകൾ പ്രകാരം, അഫ്ഗാനിസ്ഥാനിൽ 20-നും 24-നും ഇടയിൽ പ്രായമുള്ള നാല് ദശലക്ഷത്തിലധികം സ്ത്രീകൾക്ക് 18 വയസ് തികയുന്നതിന് മുമ്പ് വിവാഹം കഴിഞ്ഞിരുന്നു. ദാരിദ്ര്യം, ബാലവിവാഹം, കുട്ടികളുടെ ആരോഗ്യപരിരക്ഷയിലെ വെല്ലുവിളികൾ എന്നിവ ഒരുമിച്ച് ഒരു കുടുംബത്തെ എത്രത്തോളം ദുരിതത്തിലാക്കുമെന്നതിന്റെ ഉദാഹരണമാണ് സാദിഖിന്റെ ജീവിതം.

Share