ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ നിർണായക സ്വാധീനശക്തിയും ബിജെപിയുടെ സംഘടനാ തന്ത്രങ്ങളുടെ മുഖ്യശിൽപ്പികളിലൊരാളുമായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാൾ. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം, ഭീകരവാദത്തിനെതിരായ നടപടികൾ, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനം എന്നിവയിൽ നിർണായക പങ്കുവഹിച്ച അമിത് ഷാ ഇപ്പോൾ രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള പോരാട്ടത്തിനാണ് മുൻഗണന നൽകുന്നത്.
1964 ഒക്ടോബർ 22ന് ജനിച്ച അമിത് അനിൽചന്ദ്ര ഷാ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1980കളിൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 1990കളോടെ ഗുജറാത്തിലെ പ്രധാന നേതാക്കളിലൊരാളായി. നരേന്ദ്ര മോദിയുമായുള്ള രാഷ്ട്രീയ സഹകരണം അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായകമായി. 1997ൽ സർഖേജ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.
ഗുജറാത്ത് സർക്കാരിൽ ആഭ്യന്തര സഹമന്ത്രി ഉൾപ്പെടെയുള്ള ചുമതലകൾ വഹിച്ച അമിത് ഷാ, സംസ്ഥാനത്തെ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രധാന പങ്കുവഹിച്ചു. 2013ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ അദ്ദേഹത്തിന് ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയത്തിനു പിന്നാലെ അതേ വർഷം ജൂലൈയിൽ അദ്ദേഹം പാർട്ടിയുടെ ദേശീയ അധ്യക്ഷനായി.
അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനം വിപുലീകരിക്കുന്നതിനും ദേശീയതലത്തിൽ പാർട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വലിയ പ്രാധാന്യം നൽകി. 2019ൽ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച അദ്ദേഹം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. 2024ലും ഗാന്ധിനഗറിൽനിന്ന് വിജയിച്ച് ലോക്സഭയിലെത്തി.
ആഭ്യന്തര സുരക്ഷയിൽ നിർണായക തീരുമാനങ്ങൾ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, സംസ്ഥാനത്തിന്റെ പുനഃസംഘടന, പൗരത്വ ഭേദഗതി നിയമം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം തുടങ്ങിയ സുപ്രധാന നടപടികൾ അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് നടപ്പാക്കിയത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനും ഭീകരവാദ ശൃംഖലകൾക്കെതിരെ നടപടികൾ ശക്തമാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രത്യേക ഊന്നൽ നൽകി.
ദശാബ്ദങ്ങളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ സുരക്ഷാ വെല്ലുവിളിയായി നിലനിന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ സേനകളുടെ പ്രവർത്തനം ശക്തമാക്കി. കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, വികസന പ്രവർത്തനങ്ങൾ എന്നിവയും ഈ സമീപനത്തിന്റെ ഭാഗമാണ്. മാവോയിസ്റ്റ് ഭീഷണി പൂർണമായി അവസാനിച്ചെന്ന വിലയിരുത്തലിന് പകരം, അതിനെതിരായ നിരന്തരമായ ജാഗരൂഗമായ പോരാട്ടം കേന്ദ്ര സർക്കാരിന്റെ പ്രധാന സുരക്ഷാ മുൻഗണനയായി തുടരുന്നു.
അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം
മാവോയിസ്റ്റ് ഭീഷണിക്കും ഭീകരവാദത്തിനുമെതിരായ നടപടികൾക്കു പിന്നാലെ ലഹരിമാഫിയക്കെതിരായ പോരാട്ടത്തിനാണ് അമിത് ഷാ കൂടുതൽ ഊന്നൽ നൽകുന്നത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകളും കേന്ദ്ര ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
ലഹരിക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദം ഉൾപ്പെടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും കേന്ദ്ര സർക്കാർ ഗൗരവമായി കാണുന്നു. അതിർത്തികളിലൂടെയുള്ള ലഹരിക്കടത്ത് തടയുക, വിതരണശൃംഖലകൾ തകർക്കുക, ലഹരിവ്യാപാരത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുക എന്നിവയാണ് ഈ പോരാട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ദേശീയ രാഷ്ട്രീയത്തിലെ സംഘടനാ മികവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഭരണപരമായ ഉത്തരവാദിത്വങ്ങളും ഒരുമിപ്പിച്ച നേതാവെന്ന നിലയിലാണ് അമിത് ഷാ ശ്രദ്ധേയനാകുന്നത്. ആഭ്യന്തര സുരക്ഷയിൽ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ലഹരിമാഫിയക്കെതിരായ പോരാട്ടവും മുന്നോട്ടുകൊണ്ടുപോകുക എന്നതിലയിരിക്കും ഇനി അദ്ദേഹം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.