കൊൽക്കത്ത: ഗണിതശാസ്ത്രം പല വിദ്യാർത്ഥികൾക്കും പ്രയാസമേറിയ വിഷയമാണ്. എന്നാൽ അതേ ഗണിതശാസ്ത്രത്തെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ നീന ഗുപ്ത ഇന്ന് ലോകത്തിന്റെ ആദരവ് നേടുകയാണ്. ഏഴ് പതിറ്റാണ്ടോളം ഗണിതശാസ്ത്രജ്ഞരെ കുഴക്കിയ സങ്കീർണമായ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാണ് കൊൽക്കത്ത സ്വദേശിനിയായ നീന ഗുപ്ത ശ്രദ്ധേയയായത്. സരിസ്കി ക്യാൻസലേഷൻ പ്രോബ്ലം (Zariski Cancellation Problem) എന്ന ഗണിതശാസ്ത്ര പ്രശ്നത്തിലെ നിർണായക ഗവേഷണമാണ് നീനയെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തയാക്കിയത്.
2021ൽ ഗണിതശാസ്ത്രത്തിലെ മികച്ച സംഭാവനകൾക്കുള്ള രാമാനുജൻ പുരസ്കാരവും 2024ൽ ഇൻഫോസിസ് പുരസ്കാരവും നീനയെ തേടിയെത്തി. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിൽ ഇന്ത്യൻ വനിതകളുടെ നേട്ടങ്ങളുടെ അടയാളം കൂടിയാണ് നീനയുടെ ഈ യാത്ര.
ആരാണ് നീന ഗുപ്ത?
1984 നവംബർ 24ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് നീന ഗുപ്തയുടെ ജനനം. മാതാപിതാക്കൾക്കും ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടായിരുന്നത് ചെറുപ്പം മുതൽ തന്നെ ഈ വിഷയത്തോട് അടുപ്പം വളർത്താൻ സഹായിച്ചു. ഗണിതശാസ്ത്രത്തെ വെറുമൊരു വിഷയമായല്ല, ഒരു വിനോദമായാണ് അമ്മ കണ്ടിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നീന ഓർമിച്ചിട്ടുണ്ട്.
2006ൽ കൊൽക്കത്തയിലെ ബേത്തൂൺ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎസ്ഐ) നിന്ന് 2008ൽ ബിരുദാനന്തര ബിരുദവും 2011ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പ്രൊഫ. അമർത്യ കുമാർ ദത്തയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. പിന്നീട് ഐഎസ്ഐയിൽ തന്നെ ഗവേഷണ-അധ്യാപന മേഖലകളിൽ തുടർന്നു.
എന്താണ് 70 വർഷം പഴക്കമുള്ള സരിസ്കി പ്രശ്നം?
ഗണിതശാസ്ത്രത്തിലെ ആൽജിബ്രൈക് ജ്യോമട്രി വിഭാഗവുമായി ബന്ധപ്പെട്ടതാണ് സരിസ്കി ക്യാൻസലേഷൻ പ്രശ്നം. 1949ൽ ഗണിതശാസ്ത്രജ്ഞനായ ഓസ്കാർ സരിസ്കിയാണ് ഈ പ്രശ്നം മുന്നോട്ടുവച്ചത്. രണ്ട് ഗണിതശാസ്ത്ര രൂപങ്ങൾക്ക് ഒരു അധിക diamesion ചേർത്തപ്പോൾ ഒരേ സ്വഭാവം കൈവന്നാൽ അവയുടെ യഥാർഥ ഘടനയും ഒന്നായിരിക്കണമെന്നില്ലേ എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം.
2014ൽ നീന ഗുപ്ത ഈ ചോദ്യത്തിന് എല്ലായ്പ്പോഴും ‘അതെ’ എന്ന ഉത്തരം നൽകാനാകില്ലെന്ന് തെളിയിക്കുന്ന നിർണായക ഗവേഷണം നടത്തി. പ്രത്യേക ഗണിതശാസ്ത്ര സാഹചര്യങ്ങളിൽ അധിക diamesion ചേർത്താലും യഥാർഥ ഘടനകൾ വ്യത്യസ്തമായി തുടരാമെന്ന് അവർ തെളിയിച്ചു. തകനോരി അസനുമ ആദ്യമായി അവതരിപ്പിച്ച ത്രിമാന അഫൈൻ വെറൈറ്റി ഉപയോഗിച്ചാണ് ഇതിനുള്ള പ്രതിദൃഷ്ടാന്തം (Counterexample) നീന കണ്ടെത്തിയത്. ആൽജിബ്രൈക് ജ്യോമട്രിയിലും കമ്മ്യൂട്ടേറ്റീവ് ആൽജിബ്രയിലും വലിയ മുന്നേറ്റമായിരുന്നു ഈ ഗവേഷണം.
വനിതകൾക്ക് പ്രചോദനമായി നീന
ഗണിതശാസ്ത്രം പ്രയാസമാണെന്ന് കരുതി പിന്നോട്ടുമാറുന്ന വിദ്യാർത്ഥികൾക്കും ഗവേഷണരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും നീനയുടെ ജീവിതയാത്ര നൽകുന്ന സന്ദേശം വലുതാണ്.കൊൽക്കത്തയിലെ ഒരു വിദ്യാർത്ഥിനിയിൽ നിന്ന് ലോകം ശ്രദ്ധിക്കുന്ന ഗണിതശാസ്ത്ര ഗവേഷകയിലേക്കുള്ള നീനയുടെ വളർച്ച ഇന്ത്യൻ ശാസ്ത്രരംഗത്തിന് അഭിമാനകരമായ നേട്ടമാണ്.