ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

Published by
ജനം വെബ്‌ഡെസ്ക്

വൈശാലി: ബിഹാറിലെ ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറ് വരി പാതയായ നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വൈശാലി ജില്ലയിലെ കച്ചി ദർഗാ-രാഘോപൂർ-ബിദുപൂർ പാലത്തിന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരാണ് നൽകിയിരിക്കുന്നത്. ശനിയാഴ്ച നടന്ന ഉദ്ഘാടനത്തിന് പിന്നാലെ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ, മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി എന്നിവർക്കൊപ്പം പ്രധാനമന്ത്രി പാലത്തിലൂടെ നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

4,280 കോടി രൂപയുടെ പദ്ധതി
ഏകദേശം 4,280 കോടി രൂപ ചെലവിലാണ് നിതീഷ് സേതു നിർമിച്ചിരിക്കുന്നത്. 19.7 കിലോമീറ്റർ നീളമുള്ള പാലം പട്ന ജില്ലയിലെ എൻഎച്ച് 22ലെ കച്ചി ദർഗയെ വൈശാലി ജില്ലയിലെ എൻഎച്ച് 322ലെ ബിദുപൂരുമായി ബന്ധിപ്പിക്കുന്നു. 9.7 കിലോമീറ്റർ പ്രധാന പാലവും 10 കിലോമീറ്റർ അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നതാണ് പദ്ധതി.

എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് മാതൃകയിലാണ് ഗംഗയ്‌ക്ക് കുറുകെ പാലം നിർമിച്ചിരിക്കുന്നത്. ലാർസൻ ആൻഡ് ടൂബ്രോയും ദക്ഷിണ കൊറിയൻ കമ്പനിയായ ദേവൂവും സംയുക്തമായാണ് നിർമാണം പൂർത്തിയാക്കിയത്.

പാലം ഗതാഗതത്തിന് തുറന്നതോടെ പട്നയിൽ നിന്ന് വൈശാലിയിലേക്കുള്ള യാത്രാസമയം 20 മുതൽ 25 മിനിറ്റായി കുറയും. എൻഎച്ച് 31, എൻഎച്ച് 32 എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായും പാലം മാറും.

നിലവിലെ മഹാത്മാഗാന്ധി സേതു, ജെപി സേതു എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാനും വടക്കൻ ബിഹാറിനും തെക്കൻ ബിഹാറിനുമിടയിലെ യാത്ര സുഗമമാക്കാനും പുതിയ പാലം സഹായിക്കും. രാഘോപൂർ ദിയാര മേഖലയിലെ ജനങ്ങൾക്ക് പട്നയിലേക്ക് എളുപ്പത്തിൽ എത്താനും ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും.

കാർഷിക ഉൽപ്പന്നങ്ങളുടെയും വ്യാവസായിക ഉൽപ്പന്നങ്ങളുടെയും ചരക്കുനീക്കം സുഗമമാക്കുന്നതിനൊപ്പം വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും വ്യാപാര-വാണിജ്യ മേഖലകൾക്ക് ഉണർവേകാനും പാലം സഹായിക്കുമെന്നാണ് പ്രതീക്ഷ.

നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പട്ന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും എൻഡിഎ നേതാക്കളും ചേർന്നാണ് സ്വീകരിച്ചത്. നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചു.

‘പട്ന വിമാനത്താവളത്തിൽ നിതീഷ് കുമാർ ജിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.

ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ
സന്ദർശനത്തിന്റെ ഭാഗമായി ബിഹാറിൽ 34,470 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. റോഡ്, ഊർജം, നഗരവികസനം, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ.

ജഫർപട്ടിയിൽ നടക്കുന്ന പ്രധാന ചടങ്ങിൽ 15,600 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 14,450 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ദേശീയപാതാ വികസനം, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ, നഗരങ്ങളിലെ കുടിവെള്ള-മലിനജല പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയിലെ 26,900ലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. നഗരങ്ങളിലെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി 100 പിഎം ഇ-ബസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ബിഹാറിലെ വ്യാവസായിക വികസനം ലക്ഷ്യമിട്ട് ജഫർപട്ടി മേഖലയിൽ വ്യവസായ പാർക്കും വ്യവസായ ഇടനാഴിയും ഒരുക്കുന്നതിനുള്ള പദ്ധതികളും സന്ദർശനത്തിന്റെ ഭാഗമായി നടപ്പാക്കും.

Share