രാഷ്‌ട്രത്തിന്റെ സുരക്ഷ; അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി നാട്ടുകാർ; സുരക്ഷാസേനയ്‌ക്ക് കൈമാറി

Published by
ജനം വെബ്‌ഡെസ്ക്

ജമ്മു: അന്താരാഷ്‌ട്ര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരനെ സാഹസികമായി പിടികൂടി നാട്ടുകാർ സുരക്ഷാസേനയ്‌ക്ക് കൈമാറി. ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് സംഭവം. ഹരപ്പീർ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 20കാരനെയാണ് കഴിഞ്ഞ ദിവസം രാവിലെ ഗ്രാമവാസികൾ തടഞ്ഞുവെച്ചത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജറൻവാല സ്വദേശിയായ അവൈസ് റാസയാണ് പിടിയിലായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ഇയാളെ സുരക്ഷാസേനയ്‌ക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അതിർത്തിയിൽ സൈന്യത്തിനൊപ്പം ജാഗ്രതയോടെ കാവൽ നിൽക്കുന്ന പ്രദേശവാസികളുടെ ഇടപെടൽ ശ്രദ്ധേയമായി. നുഴഞ്ഞുകയറ്റത്തിനെതിരെയും പാകിസ്ഥാൻ പിന്തുണയുള്ള ഭീകരവാദത്തിനെതിരെയും ജമ്മു കശ്മീരിലെ ജനങ്ങൾ ജാഗ്രത പുലർത്തുന്നതിന്റെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. അതിർത്തി സുരക്ഷയിൽ സാധാരണ ജനങ്ങളുടെ പങ്കാളിത്തവും വീണ്ടും ശ്രദ്ധ നേടുകയാണ്.

Share