തിരുവണ്ണാമല: കാർത്തിക മാസത്തിലെ പൗർണമിയോടനുബന്ധിച്ച് തിരുവണ്ണാമലയിൽ ഗിരിവലം നടത്തുന്നതിനുള്ള സമയം ക്ഷേത്രഭരണസമിതി പ്രഖ്യാപിച്ചു. ഇന്ന് (നവംബർ 23) രാത്രി 11.42ന് ആരംഭിക്കുന്ന പൗർണമി നാളെ (നവംബർ 24) രാത്രി 8.23ന് അവസാനിക്കും. ഈ സമയത്ത് ഭക്തർക്ക് ഗിരിവലം നടത്താമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രത്തിന് പിന്നിലുള്ള അണ്ണാമലൈ മല ചുറ്റിയുള്ള 14 കിലോമീറ്റർ പാതയിലൂടെയാണ് ഭക്തർ ഗിരിവലം നടത്തുന്നത്. ഓരോ പൗർണമി ദിനത്തിലും ലക്ഷക്കണക്കിന് ഭക്തർ ഇവിടെ പ്രദക്ഷിണത്തിനെത്താറുണ്ട്. കാർത്തിക ദീപോത്സവം, ചിത്ര പൗർണമി, മഹാദീപം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് ഗണ്യമായി വർധിക്കും.
സാധാരണയായി കാർത്തിക മാസത്തിലെ പൗർണമി ഗിരിവലം മഹാദീപം തെളിയിക്കുന്ന ദിവസമോ അതിന്റെ പിറ്റേന്നോ ആണ് ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ മഹാദീപത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് പൗർണമി ആരംഭിക്കുന്നത്. ഇതോടെ ഇന്ന് വൈകിട്ടുമുതൽ തിരുവണ്ണാമലയിൽ വലിയ ഭക്തജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഈ വർഷത്തെ മഹാദീപത്തിനും പൗർണമി ഗിരിവലത്തിനുമായി 50 ലക്ഷത്തിലധികം ഭക്തർ തിരുവണ്ണാമലയിലെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഭക്തർക്കും പൊതുജനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്.















