ബിസ്‌ലേരി കുപ്പിവെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ; കമ്പനിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). കമ്പനിയുടെ കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എഫ്.എസ്.എസ്.എ.ഐ അനുമതി നൽകി.

ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ വെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ബ്രോമേറ്റ് കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.

പരിശോധനാ ഫലത്തിനെതിരെ ബിസ്‌ലേരി അപ്പീൽ നൽകിയതോടെ സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെയും വെള്ളം സുരക്ഷിതമല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. ആരോഗ്യത്തിന് ഹാനികരമായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യമാണ് രണ്ടാംഘട്ട പരിശോധനയിൽ കണ്ടെത്തിയത്.

രണ്ട് പരിശോധനകളിലും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതോടെയാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ എഫ്.എസ്.എസ്.എ.ഐ തീരുമാനിച്ചത്. ഭക്ഷ്യ ഉൽപ്പാദകർ, ഇ-കൊമേഴ്‌സ് കമ്പനികൾ, എനർജി ഡ്രിങ്ക്, മദ്യ നിർമാതാക്കൾ എന്നിവർക്കെതിരെയും ഈ വർഷം പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

എന്താണ് ബ്രോമേറ്റ്?
കുടിവെള്ളം ശുദ്ധീകരിക്കാൻ ഓസോൺ ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ബ്രോമൈഡ് എന്ന ലവണവുമായി രാസപ്രവർത്തനം നടക്കുന്നതിലൂടെ രൂപപ്പെടുന്ന സംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തിൽ ഇതിന്റെ അളവിന് എഫ്.എസ്.എസ്.എ.ഐ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസ്‌ലേരിയുടെ സാമ്പിളിൽ ഈ പരിധിയിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തുകയായിരുന്നു.

അമിതമായ അളവിൽ ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിക്കാം. ദീർഘകാല സമ്പർക്കം കാൻസർ സാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്താണ് രണ്ടാംഘട്ട പരിശോധനയിൽ കണ്ടെത്തിയ PAHs?
പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) ആരോഗ്യത്തിന് ഹാനികരമായ രാസസംയുക്തങ്ങളാണ്. വ്യാവസായിക മലിനീകരണം, ചില പ്ലാസ്റ്റിക് വസ്തുക്കൾ, വെള്ളം സംഭരിക്കുന്നതിലും പായ്‌ക്ക് ചെയ്യുന്നതിലുമുള്ള വീഴ്ചകൾ തുടങ്ങിയവയിലൂടെ ഇവ വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്.

ആദ്യ പരിശോധനാ ഫലത്തിനെതിരെ ബിസ്‌ലേരി അപ്പീൽ നൽകിയതിനെ തുടർന്നാണ് സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചത്. ഈ പരിശോധനയിലാണ് PAHs-ന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവയിൽ ചിലത് കാൻസറിന് കാരണമാകുന്നവയാണ്. ദീർഘകാലം ഇവയുമായി സമ്പർക്കമുണ്ടാകുന്നത് കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കാം.

Share