കൊച്ചിയിൽ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. ചങ്ങമ്പുഴ പാർക്കിന് സമീപം ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

കൊച്ചി മെട്രോയുടെ 457-ാം നമ്പർ തൂണിന് സമീപത്താണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. പൊറ്റക്കുഴിയിൽ നടന്ന വിവാഹവാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽ വെച്ച് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

അപകടത്തിന്റെ കൃത്യമായ കാരണവും മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്.

Share