കോട്ടയം: ചരിത്രവും ഐതിഹ്യവും വാസ്തുവിദ്യയും ഭക്തിപാരമ്പര്യവും ഒത്തുചേരുന്ന പുണ്യസങ്കേതമാണ് കോട്ടയം കുമാരനല്ലൂർ കാർത്യായനി ദേവി ക്ഷേത്രം. മധുര മീനാക്ഷിയുമായി ബന്ധപ്പെട്ട ക്ഷേത്രോത്ഭവകഥയും സുബ്രഹ്മണ്യനുവേണ്ടി ഒരുക്കിയ ശ്രീകോവിലിൽ ദേവി പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഐതിഹ്യവും ഈ ക്ഷേത്രത്തെ വേറിട്ടുനിർത്തുന്നു. ശ്രീചക്ര മാതൃകയിലുള്ള നിർമ്മാണരീതിയും വൃശ്ചിക മാസത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവവും കുമാരനല്ലൂരിന്റെ പ്രത്യേകതകളാണ്.
കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കുമാരനല്ലൂർ ക്ഷേത്രത്തിന് 2400 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചരിത്രപരവും പുരാണപരവുമായ വിശ്വാസങ്ങൾ സൂചിപ്പിക്കുന്നത്. ആദിശങ്കരാചാര്യർ ഭാരതത്തിലെ അഞ്ച് മഹാക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രത്തെ വിശേഷിപ്പിച്ചുവെന്നും പുരാണകഥകളിലുണ്ട്.
മധുര മീനാക്ഷിയുമായി ബന്ധമുള്ള ഐതിഹ്യം
ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യം തുടങ്ങുന്നത് ‘തിങ്കൾക്കാട്’ അഥവാ ‘ഇന്ദുകാനനം’ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്നാണ്. ചേരമാൻ പെരുമാൾ ഒരേസമയം രണ്ട് ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചുവെന്നാണ് കഥ. വൈക്കത്തിനടുത്തുള്ള ഉദയനാപുരത്ത് ഭഗവതിക്കും തിങ്കൾക്കാട്ടിൽ സുബ്രഹ്മണ്യനുമായി ക്ഷേത്രങ്ങൾ ഒരുക്കാനായിരുന്നു തീരുമാനം.
ഇതിനിടെ തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദേവിയുടെ വിലപിടിപ്പുള്ള രത്നമൂക്കുത്തി കാണാതായി. മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ പൂജാരിയെ വധിക്കാൻ രാജാവ് ഉത്തരവിട്ടു. ജീവഭയത്തിലായ പൂജാരി 40 ദിവസം ദേവിയെ ഭജിച്ച് പ്രാർഥിച്ചു. നാൽപ്പതാം ദിവസം രാത്രിയിൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി ഉടൻ അവിടെനിന്ന് രക്ഷപ്പെടാൻ നിർദേശിക്കുകയും ഒരു ദിവ്യപ്രകാശം കാണിച്ചുകൊടുക്കുകയും ചെയ്തു.
ആ പ്രകാശത്തെ പിന്തുടർന്ന പൂജാരി ഒടുവിൽ തിങ്കൾക്കാട്ടിലെത്തി. അവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠയ്‌ക്കായി ഒരുക്കിയിരുന്ന ശ്രീകോവിലിലേക്ക് ദിവ്യപ്രകാശം പ്രവേശിച്ചുവെന്നാണ് ഐതിഹ്യം. തുടർന്ന് ‘കുമാരനല്ല ഊര്’ എന്ന അശരീരി കേട്ടതായും പറയപ്പെടുന്നു. അതായത്, ഇത് കുമാരനുള്ള സ്ഥലമല്ല, കുമാരിക്കുള്ള ഇടമാണെന്ന അർഥത്തിൽ ആ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നു. അങ്ങനെയാണ് പ്രദേശത്തിന് കുമാരനല്ലൂർ എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം.
തുടർന്ന് നിരാശനായ ചേരമാൻ പെരുമാൾ സുബ്രഹ്മണ്യ വിഗ്രഹം ഉദയനാപുരത്ത് പ്രതിഷ്ഠിക്കുകയും കുമാരനല്ലൂരിൽ ദേവീപ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തുവെന്നാണ് കഥ. മധുരയിൽനിന്ന് ദിവ്യപ്രകാശത്തെ പിന്തുടർന്നെത്തിയ പൂജാരിയുടെ പരമ്പരയാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരെന്നും അവരുടെ ഇല്ലം ‘മധുര ഇല്ലം’ എന്നറിയപ്പെടുന്നുവെന്നും ഐതീഹ്യം പറയുന്നു.
കാർത്യായനി ദേവിയും പ്രതിഷ്ഠാ സങ്കൽപ്പവും
പരശുരാമൻ പൂജിച്ചിരുന്നതും വേദഗിരിയിലെ കായലിൽ കിടന്നിരുന്നതുമായ അഞ്ജനശിലയിൽ തീർത്ത കാർത്യായനി ദേവിയുടെ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. പ്രതിഷ്ഠാസമയത്ത് ജടധാരിയായ ഒരു ബ്രാഹ്മണ സന്യാസി എത്തി നിമിഷനേരംകൊണ്ട് വിഗ്രഹം പ്രതിഷ്ഠിച്ച് അപ്രത്യക്ഷനായെന്നും അദ്ദേഹം പരശുരാമൻ തന്നെയായിരുന്നുവെന്നും ഭക്തർ വിശ്വസിക്കുന്നു.
സരസ്വതി, ലക്ഷ്മി, പാർവതി, ദുർഗ, വനദുർഗ എന്നീ അഞ്ച് ഭാവങ്ങളിലാണ് ഇവിടെ ദേവിയെ ആരാധിക്കുന്നത്. ദേവിയുടെ വിവിധ സങ്കൽപ്പങ്ങളെ ഒരേ സന്നിധിയിൽ ആരാധിക്കാനാകുന്നത് ക്ഷേത്രത്തിന്റെ സവിശേഷതയായി ഭക്തർ കാണുന്നു.
ശ്രീചക്ര മാതൃകയിലുള്ള വാസ്തുവിദ്യ
കേരളീയ ക്ഷേത്രവാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഉദാഹരണമാണ് കുമാരനല്ലൂർ ക്ഷേത്രം.സാധാരണയായി ദേവീക്ഷേത്രങ്ങളിൽ വട്ടശ്രീകോവിൽ അപൂർവ്വമാണ്. ഇവിടുത്തെ നാലമ്പലവും ശ്രീകോവിലും ശ്രീചക്ര രൂപത്തിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത. ശ്രീകോവിലിന്റെ പുറംചുവരുകളിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ രംഗങ്ങളും വിവിധ ദേവീദേവന്മാരുടെ രൂപങ്ങളും ആലേഖനം ചെയ്ത മനോഹരമായ ചുവർച്ചിത്രങ്ങളുണ്ട്.
വൃശ്ചിക മാസത്തിലെ തൃക്കാർത്തികയാണ് കുമാരനല്ലൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് കാർത്തിക വിളക്ക്. ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഈ ആഘോഷം വലിയ ആത്മീയ അനുഭവമാണ്.
ചരിത്രവും ഐതിഹ്യവും കലയും ആരാധനാപാരമ്പര്യവും ഒരുപോലെ ചേർന്നുനിൽക്കുന്ന കുമാരനല്ലൂർ കാർത്യായനി ദേവി ക്ഷേത്രം കോട്ടയം നഗരത്തിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. തൃക്കാർത്തികക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദേവീദർശനത്തോടൊപ്പം ഈ പുണ്യസങ്കേതത്തിന്റെ സവിശേഷമായ പാരമ്പര്യവും അടുത്തറിയാം.
Photo : Sachu Sasindran















