മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വൻതോതിൽ എംഡിഎംഎയുമായി നാട്ടുകാർ പിടികൂടിയ യുവാവിനെ പൊലീസിന് കൈമാറാതെ വിട്ടയച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയത്ത് കഴിഞ്ഞ ക്രിസ്മസ് രാത്രിയിലുണ്ടായ സംഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരിമാഫിയ തലവൻ ഉബൈദിന്റെ അടുത്ത അനുയായിയെയാണ് നാട്ടുകാരുടെ ഇടപെടലിലൂടെ മോചിപ്പിച്ചതെന്നാണ് ആരോപണം.

ഹൈദരാബാദിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പള്ളിയം സ്വദേശി ഉബൈദിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. തുടർന്ന് തെളിവെടുപ്പിനായി ഇയാളുടെ വീട്ടിലെത്തിച്ചതോടെയാണ് മാസങ്ങൾക്ക് മുമ്പ് നടന്ന ലഹരിവേട്ടയും തുടർന്നുണ്ടായ ഒത്തുതീർപ്പ് നീക്കങ്ങളും വീണ്ടും വാർത്തയായത്.

കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് രാത്രിയിലായിരുന്നു പള്ളിയത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് മൂന്ന് കിലോയിലധികം എംഡിഎംഎയുമായി യുവാവിനെ നാട്ടുകാർ പിടികൂടിയത്. എന്നാൽ ഇയാളെ പൊലീസിൽ ഏൽപ്പിക്കുന്നതിന് പകരം താക്കീത് നൽകി വിട്ടയക്കണമെന്ന നിലപാടുമായി നാട്ടുകാരിൽ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ഇനി പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് നൽകി യുവാവിനെ വിട്ടയച്ചെന്നാണ് വിവരം.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് ലഹരിയുമായി കടന്നുകളഞ്ഞിരുന്നു. ഡാൻസാഫിന്റെ നിരീക്ഷണപ്പട്ടികയിലുള്ള വ്യക്തിയായിരുന്നു അന്ന് നാട്ടുകാരുടെ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ കൂട്ടാളികളാണ് വിട്ടയക്കാനുള്ള മധ്യസ്ഥ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് ഉയരുന്ന ആരോപണം. ഇതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന സംശയവും ശക്തമാണ്.

 

Share