ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ച് സംഗീത വീഡിയോ പുറത്തിറക്കിയതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഗായികയ്ക്കൊപ്പം സംഗീത വീഡിയോയുടെ നിർമാണത്തിൽ പങ്കാളികളായ നാല് പേർക്കും ഇതേ ശിക്ഷ ലഭിച്ചു. അശ്ലീലവും സദാചാരവിരുദ്ധവുമെന്ന് അധികൃതർ വിശേഷിപ്പിച്ച വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതാണ് കേസിന് ആധാരം. ഇറാനിയൻ വാർത്താ വെബ്സൈറ്റായ എമ്തെദാദാണ് അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഡിസംബറിലായിരുന്നു പരസ്തൂ അഹമ്മദി യൂട്യൂബിലൂടെ സംഗീത പരിപാടിയുടെ വീഡിയോ പങ്കുവെച്ചത്. തലമറയ്ക്കാതെ, പുരുഷ സംഗീതജ്ഞർക്കൊപ്പം പാടുന്ന അഹമ്മദിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിലെ ഖും നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെയർ-ഇ ഗച്ചിൻ കരവൻസെറായിയിലായിരുന്നു ചിത്രീകരണം. വീഡിയോ നിർബന്ധിത ഹിജാബ് നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെട്ടത്.
പൊതുസദാചാരത്തെ അവഹേളിക്കുക, അധാർമികമെന്ന് അധികൃതർ വിശേഷിപ്പിച്ച ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദിക്കും സംഘത്തിനുമെതിരെ ചുമത്തിയത്. ജൂണിൽ കോടതി 74 ചാട്ടവാറടി ശിക്ഷ വിധിക്കുകയും സെപ്റ്റംബറിൽ അപ്പീൽ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ചാട്ടവാറടിക്ക് പുറമെ കലാ-സംഗീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.