കൊച്ചി: പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും നിറച്ച് സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ പുറത്തിറങ്ങി. അയ്യപ്പഭക്തിയും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധവുമെല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിനത്തിൽ ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
ഭക്തിസാന്ദ്രമായ മുഹൂർത്തങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ടീസർ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആകാംക്ഷ വർധിപ്പിക്കുന്നതാണ്. ഒരു സമ്പൂർണ കുടുംബചിത്രമായാണ് ‘ഹരിവരാസനം’ ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറിലാണ് നിർമാണം. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജിൻ രാജാണ് സംഗീതസംവിധാനം. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മ്യൂസിക് റൈറ്റ്സ് പനോരമ മ്യൂസിക്കിനാണ്.
വിനായക അജിത്ത്, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലോകവ്യാപകമായി പനോരമ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സജാദ് കാക്കുവാണ് ഛായാഗ്രഹണം. അജീഷ് ഇടമൺ എഡിറ്റിങ്ങും രാഖിൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.