വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ അമിതഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം മുതൽ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആലോചന. പദ്ധതിയുടെ പ്രായോഗിക നടത്തിപ്പിനായി സംയുക്ത സമിതിയെയും നിയോഗിച്ചു.

വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി സ്കൂൾ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

ആദ്യഘട്ടത്തിൽ എൽപി സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

വിദ്യാർത്ഥിനിയായ പ്രവിത ബാഗിന്റെ അമിതഭാരം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയം നിയമസഭയിലും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയുമായി മുന്നോട്ടുവന്നത്.

 

Share