അവസാന നിമിഷം ഉദ്ഘാടനത്തിൽനിന്ന് പിന്മാറി? ജയരാജനും മാങ്കുളം റിസോർട്ടും: മുഹമ്മദ് റിയാസിനും പാർട്ടി കമ്മീഷന് മുന്നിൽ വിശദീകരണം നൽകേണ്ടിവരും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  മാങ്കുളത്തെ ഗ്രാൻഡ് ക്ലിഫ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രി മുഹമ്മദ് റിയാസ് പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ വിശദീകരണം നൽകേണ്ടിവരുമെന്ന് സൂചന. 2025 ജനുവരിയിൽ റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരുന്ന റിയാസ് അവസാന നിമിഷം പരിപാടിയിൽനിന്ന് പിന്മാറിയിരുന്നു. പിന്മാറ്റത്തിന്റെ കാരണമടക്കം പാർട്ടി കമ്മീഷൻ ചോദിച്ചറിയുമെന്നാണ് വിവരം.

അന്ന് ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയായിരുന്നു ഉദ്ഘാടകനായി ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ പങ്കെടുക്കാതെ അദ്ദേഹം പിന്മാറി. റിസോർട്ടിന്റെ ഉടമസ്ഥതയുമായും പി. ജയരാജനുമായും ബന്ധപ്പെട്ട ആരോപണങ്ങൾ പിന്നീട് ഉയർന്നതോടെയാണ് ഈ സംഭവവും ചർച്ചയാകുന്നത്. റിസോർട്ടിന്റെ ഉടമസ്ഥാവകാശം, ഉദ്ഘാടനത്തിന് ക്ഷണിച്ചതാരാണ്, അവസാന നിമിഷം പിന്മാറാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങളിൽ റിയാസിന്റെ വിശദീകരണം തേടുമെന്നാണ് സൂചന.

റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പാർട്ടി അന്വേഷണം പുരോഗമിക്കുകയാണ്. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും ഉൾപ്പെട്ട  സംഘമാണ് വിഷയം പരിശോധിക്കുന്നത്. പി. ജയരാജന് റിസോർട്ടുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടി സെക്രട്ടേറിയറ്റിലെ മറ്റൊരു അംഗത്തിനും അറിവുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മാങ്കുളം റിസോർട്ട് വിഷയവും പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മാങ്കുളത്തെ റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ പി. ജയരാജനെതിരെ ഇ.പി. ജയരാജൻ സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ. റിസോർട്ട് ബന്ധത്തിന് പുറമെ ക്വട്ടേഷൻ സംഘങ്ങളുമായും ഗുണ്ടകളുമായും ബന്ധമുണ്ടെന്ന ആരോപണങ്ങളും പരാതിയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്.

ഇതിനിടെ, ഗ്രാൻഡ് ക്ലിഫ് റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പി. ജയരാജൻ പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നവംബർ 5, 6 തീയതികളിൽ ദുബായിൽ നടന്ന റിസോർട്ടിന്റെ ബോർഡ് യോഗങ്ങളിൽ ജയരാജൻ പങ്കെടുത്തെന്ന വിവരങ്ങളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.    ഇപ്പോൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ വിവാദം വീണ്ടും സജീവമായിരിക്കുകയാണ്.

 

Share