തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 14-ാം പ്രതിയായ തമിഴ്‌നാട് വള്ളിയൂർ സ്വദേശി വീരപാണ്ഡ്യനെയാണ് പൊലീസ് പിടികൂടിയത്. സ്പായിലെത്തി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് ഇയാൾക്കെതിരായ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. സ്പായിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആദ്യഘട്ടത്തിൽ സ്പാ നടത്തിപ്പുകാരെയും പിന്നീട് ഇടനിലക്കാരെയുമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കൂടുതൽ പേരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സ്പാകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പങ്കെന്താണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.