പത്തനംതിട്ട: ശബരിമലയിൽ ശക്തമായ മഴ തുടരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകളിൽ മഴ ശക്തമായതിനെ തുടർന്ന് ജാഗ്രത പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശബരിമലയിലെ തീർഥാടന കേന്ദ്രങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ പമ്പാനദിയിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ഒഴിവാക്കണം.















