ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: 2029ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതനം കാണണമെന്ന സാഹിത്യകാരൻ ടി. പത്മനാഭന്റെ ആഗ്രഹത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ടി. പത്മനാഭനെ ‘അഭിനവ അശ്വത്ഥാമാവ്’ എന്ന് വിശേഷിപ്പിച്ച ഗോപാലകൃഷ്ണൻ, അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യത്തെ പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചു.

ട്രംപിന്റെയും നെതന്യാഹുവിന്റെയും പതനത്തിന് സമാനമായി 2029ൽ ഇന്ത്യൻ ഭരണാധികാരിയുടെ പതനവും കണ്ട് മരിക്കണമെന്നാണ് ടി. പത്മനാഭന്റെ അവസാനത്തെ മോഹമെന്ന പരാമർശത്തെ വിമർശിച്ചാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. ഈ മോഹം ഒരിക്കലും സഫലമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൗരവപക്ഷത്തോടുള്ള വിധേയത്വം മൂലം ദ്രൗപദിയുടെ അഞ്ച് മക്കളെ വധിക്കുകയും ഉത്തരയുടെ ഗർഭസ്ഥശിശുവിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും ചെയ്ത അശ്വത്ഥാമാവിനോടാണ് ടി. പത്മനാഭനെ ഗോപാലകൃഷ്ണൻ ഉപമിച്ചത്. സഫലമാകാത്ത മോഹവുമായി ജീവിക്കേണ്ടിവരുന്നത് ജനങ്ങളുടെ ശാപമാണെന്നും പ്രായശ്ചിത്തമാണ് അതിനുള്ള പോംവഴിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ടി. പത്മനാഭന്റെ കഥകളിൽ കാണുന്ന പ്രകാശവും ധാർമികതയും അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാനില്ലെന്ന് വിമർശിച്ച ഗോപാലകൃഷ്ണൻ, എം.ടിയെ അപഹസിച്ചുവെന്നും ആരോപിച്ചു. നരേന്ദ്രമോദിയുടെ പതനം സ്വപ്നം കാണുന്നതിലൂടെ ടി. പത്മനാഭൻ തന്റെ രാഷ്‌ട്രീയവിധേയത്വം പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്ന കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയത്തെയാണ് ടി. പത്മനാഭന്റെ പ്രസ്താവന മുറിവേൽപ്പിച്ചതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

Share