തിരുവനന്തപുരം : നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗം ഇന്നു നാലു മണിക്ക്. നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാപ്രതിനിധികളാണു യോഗത്തില്‍ പങ്കെടുക്കുന്നത്.
ചര്‍ച്ച പൊളിഞ്ഞാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹൈക്കോടതി മീഡിയേഷന് കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകളും നിലപാടെടുത്തു.
നഴ്സുമാരുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ചാല്‍ ആശുപത്രികളുടെ നടത്തിപ്പു പ്രതിസന്ധിയിലാകുമെന്നാണു മാനേജ്മെന്റുകളുടെ നിലപാട്. ശമ്പള വര്‍ധനയ്ക്കൊപ്പം ട്രെയിനി സമ്പ്രദായത്തെക്കുറിച്ചുള്ള തീരുമാനവും ഇന്നു മുഖ്യമന്ത്രിയുടെ യോഗത്തില്‍ ചര്‍ച്ചയാകും.