കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ദേശീയപാത വികസനത്തിന് എതിരു നിൽക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ .വൈറ്റില പാലം സംസ്ഥാന സർക്കാർ പണിയുന്നതിനെതിരെ ശ്രീധരൻ നടത്തിയ അഭിപ്രായ പ്രകടനമാണ് സുധാകരനെ ചൊടിപ്പിച്ചത് . ശ്രീധരൻ ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ഇടപെടുകയാണെന്നും സുധാകരൻ പറഞ്ഞു.
ഹേ മിസ്റ്റർ ശ്രീധരൻ നിങ്ങളൊരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലല്ലോ ? ഇല്ല . നിങ്ങളൊരു ജനപ്രതിനിധി ആയിട്ടില്ലല്ലോ .ഇല്ല. ഞങ്ങൾ കൊച്ചുന്നാൾ മുതൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു നിൽക്കുന്നവരാണ് . പഠിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും എഞ്ചിനീയറും ഹൈക്കോടതി ജഡ്ജിയും ഒക്കെ ആകാമായിരുന്നു . ഞങ്ങൾ അതുപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവരാണെന്നും ജി സുധാകരൻ പറഞ്ഞു . കോഴിക്കോട് ഗണപതിക്കാവ് കാരപ്പറമ്പ് പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീധരന് അഭിപ്രായം പറയാൻ ഇത് മെട്രോയല്ല .അദ്ദേഹം കാര്യങ്ങൾ അറിയാതെ അഭിപ്രായം പറയരുതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിർദ്ദിഷ്ട വൈറ്റില മേൽപ്പാലം അശാസ്ത്രീയമാണെന്ന ഇ ശ്രീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമർശം . ഭരണഘടനാപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലാണ് നടക്കുന്നതെന്നും കേരളത്തിൽ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കീഴാറ്റൂരിൽ ബൈപാസ് നിർമ്മാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വയൽക്കിളികളേയും സുധാകരൻ വിമർശിച്ചു. ചിലർ സഖാക്കൾ ഒക്കെയാണെങ്കിലും വികസനത്തെ തുരങ്കം വയ്ക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു. ആൽമരം മുറിക്കാത്തവരെയും മന്ത്രി ശക്തമായി വിമർശിച്ചു. കാക്ക കാഷ്ടിക്കുന്നിടത്തൊക്കെ ആലു കിളിർക്കും . അത് ദൈവം കുഴിച്ചുവച്ചതൊന്നുമല്ല . ആൽ മാറ്റാൻ അനുവദിക്കാതെ വികസനത്തെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.