കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കണ്ണൂരില്‍ സിപിഎം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്പിച്ചു. മൗവേരി ഗുരുനാഥന് മുക്ക് സ്വദേശി പികെ സന്തോഷിനെയാണ് ആക്രമിച്ചത്.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തില്‍ ഇത്തവണ 9 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ നിരവധി തവണ പല കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയും ഉണ്ടായി.
പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുക കൂടി ചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. രാവിലെ ആറരയോടെയാണ് സന്തോഷിന് നേരെ അക്രമം നടന്നത്. കണ്ടാലറിയാവുന്ന പത്തോളം സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞു. പോളിംഗ് ദിവസം വൈകുന്നേരം സന്തോഷും സുഹൃത്തുക്കളും സ!ഞ്ചരിച്ചിരുന്ന കാര്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് വീണ്ടും ആക്രമണം ഉണ്ടായത്.
സിപിഎം ഭീഷണി ഭയന്ന് സാധാരണ കോട്ടയം പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ ആരും മത്സരിക്കാറില്ല. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്ന് സന്തോഷ് പറഞ്ഞു. തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം കൈയ്ക്കും കാലിനും വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വാര്‍ഡില്‍ ചികിത്സയിലാണ് സന്തോഷ്.