കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനക്കേസില്‍ നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് പ്രതികള്‍ക്കായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഇടപെടല്‍ വീണ്ടും വിവാദമാകുന്നു. കേസില്‍ പ്രതികളെ ശിക്ഷിച്ച വിധിപ്രസ്താവത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജി മനുവാണ് മുസ്ലീം ലീഗ് ഉള്‍പ്പെടെയുളള രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ വിസ്താരവേളയില്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി വെളിപ്പെടുത്തി രംഗത്തെത്തിയത്.
കേസിന്റെ വിചാരണ ഘട്ടത്തില്‍ ഇത്തരം ഇടപെടലുകള്‍ ഏറ്റവും വിഷമകരമായി അനുഭവപ്പെട്ടെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായം. മുസ്്ലീം ലീഗ് പ്രാദേശിക നേതാക്കളും എംഎസ്എഫ് പ്രവര്‍ത്തകരും പ്രോസിക്യൂഷന് സാക്ഷികളായി വന്ന് തീവ്രവാദ കേസിന് അനുകൂലമായി മൊഴി നല്കുന്ന സ്ഥിതിയായിരുന്നു. വൈകിയ വേളയിലാണെങ്കിലും ഇക്കാര്യം സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ പരാമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാക്കുകള്‍.
കേസില്‍ സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റിക്കാനും വിചാരണ വൈകിപ്പിക്കാനുമുളള ആസൂത്രിത ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനിടെയായിരുന്നു കണ്ണൂരിലെ നാറാത്ത് ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തി പിടിക്കപ്പെടുന്നത്.
സംഭവത്തില്‍ വിദേശ ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതായും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യോഗാ ക്ലാസായിരുന്നു കെട്ടിടത്തില്‍ നടന്നതെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. പിടിച്ചെടുത്ത ആയുധങ്ങള്‍ പൊലീസ് പിന്നീട് കൊണ്ടുവന്നതാണെന്നും ഇറാന് ബന്ധത്തിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്ന സിം കാര്‍ഡ് ഗള്‍ഫില്‍ നിന്ന് മറ്റു പ്രവാസികള്‍ ചെയ്യാറുള്ളതു പോലെ വിസ മാറാന്‍ വേണ്ടി ഇറാനില്‍ പോയതിന്റെ തെളിവാണെന്നുമായിരുന്നു ഇവരുടെ നിലപാട്.
ഈ വാദം സാധൂകരിക്കാന്‍ വേണ്ടിയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടന്നത്. പൊലീസ് റെയ്ഡും മറ്റും വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ പോലും ശ്രമം നടന്നിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയ സ്ഥിതിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു ചെയ്തത്.
Chat Conversation End
Seen by Vayu