കൊച്ചി: ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രി കൂടി രാജിവെച്ചു. എക്‌സൈസ് മന്ത്രി കെ. ബാബുവാണ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പ്രതികൂല പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജി വെച്ചത്. ആരോപണത്തില്‍ രാജിവെയ്‌ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ. ബാബു.
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കവേയാണ് കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായത്. ആ വേദിയില്‍ വെച്ചു തന്നെ കെ. ബാബു രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. പിന്നീട് എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. നേരത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണിയും കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവെച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരുടെ രാജി യുഡിഎഫ് സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കും. കെ. ബാബു 10 കോടി രൂപ ആവശ്യപ്പെട്ടതായിട്ടായിരുന്നു ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആരോപണം. ഇതിന്റെ അഡ്വാന്‍സ് തുകയായി അന്‍പത് ലക്ഷം രൂപ കൈമാറിയെന്നും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായത്.
കേസില്‍ ഗൗരവമായ പരാമര്‍ശം ഉണ്ടായാല്‍ സാങ്കേതികത്വം പറയില്ലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന ആമുഖത്തോടെയാണ് രാജിക്കാര്യത്തിലേക്ക് കെ. ബാബു കടന്നത്. നേരത്തെ സമര്‍പ്പിച്ച പ്രാരംഭ റിപ്പോര്‍ട്ട് അല്ലാതെ മറ്റൊരു റിപ്പോര്‍ട്ടും വിജിലന്‍സ് തനിക്കെതിരേ സമര്‍പ്പിച്ചിട്ടില്ലെന്നും കെ. ബാബു പറഞ്ഞു.
2013 ഫെബ്രുവരി 12 ന് ബാര്‍ ഹോട്ടല്‍ ഉടമകളും താനും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉയര്‍ന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. എല്ലാക്കൊല്ലവും അബ്കാരി നയം സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ നടത്താറുണ്ട്. നാല് തവണ വിജിലന്‍സിന് മൊഴി കൊടുത്തപ്പോഴും ബിജു രമേശ് തനിക്കെതിരായി ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ല. സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയിലും തനിക്ക് പണം നല്‍കിയതായി പറഞ്ഞിട്ടില്ല. പിന്നീടാണ് ചാനലില്‍ ആരോപണം ഉന്നയിച്ചതെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി.
49 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്ന താന്‍ 25 കൊല്ലമായി എംഎല്‍എ ആയിട്ട്. ധാര്‍മികത വിട്ട് ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കെ. ബാബു പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ ഇതുപോലെ വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നതായി കെ. ബാബു ചൂണ്ടിക്കാട്ടി. ചക്കിട്ടപ്പാറ ഖനനകേസ് ഉള്‍പ്പെടെ ഇതിന് തെളിവാണ്. അന്ന് വിജിലന്‍സ് ഇതുപോലെ അന്വേഷണം നടത്തി തെളിവില്ലെന്നാണ് പറഞ്ഞത്. സിപിഎം നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തി തെളിവില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുകയും തനിക്കെതിരായ കേസിലെ റിപ്പോര്‍ട്ട് തെറ്റാണെന്നും പറയുന്നത് ശരിയല്ലെന്നും ബാബു ചൂണ്ടിക്കാട്ടി.