തിരുവനന്തപുരം: അന്‍പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടി. തുടര്‍ച്ചയായ പത്താം തവണയാണ് കോഴിക്കോട് കിരീടം നേടിയത്. പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ഏഴ് പോയിന്റ് വ്യത്യാസത്തില്‍ 919 പോയിന്റുകള്‍ക്കാണ് കോഴിക്കോട് കിരീടം നേടിയത്.
പാലക്കാട് 912 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 908 പോയിന്റുകള്‍ നേടിയ കണ്ണൂരിനാണ് മൂന്നാം സ്ഥാനം. എന്നാല്‍ ഇക്കുറി പോയിന്റ് നിലയില്‍ ആതിഥേയരായ തിരുവനന്തപുരം ഒന്‍പതാം സ്ഥാനത്താണ്. 904 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും 896 പോയിന്റുമായി എറണാകുളം അഞ്ചാം സ്ഥാനത്തുമാണ്.
2007 ല്‍ കണ്ണൂരില്‍ തുടങ്ങിയ കുതിപ്പാണ് കോഴിക്കോട് ഇത്തവണയും നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു. ഈ കലോത്സവത്തോടെ തുടര്‍ച്ചയായ പത്ത് വര്‍ഷം കിരീടം നേടിയ തിരുവനന്തപുരത്തിന്റെ റെക്കോഡിനൊപ്പം കോഴിക്കോടും എത്തി.
പതിനേഴ് കൊല്ലം സ്വര്‍ണക്കപ്പ് നേടിയെന്ന ചരിത്രവും ഇതോടെ കോഴിക്കോട് കുറിച്ചു. അവസാന ദിവസം ഫോട്ടോ ഫിനീഷിങ്ങിലേക്ക് നീങ്ങിയ പോയിന്റ് നിലയില്‍ നാല് ഹയര്‍ അപ്പീലുകളിലായിരുന്നു പാലക്കാടിന്റെ പ്രതീക്ഷ. എന്നാല്‍ അപ്പീലുകളില്‍ അനുകൂല തീരുമാനം ഉണ്ടാകാഞ്ഞതോടെ കിരീടം കോഴിക്കോട് ഉറപ്പിക്കുകയായിരുന്നു.