ന്യൂഡല്‍ഹി: ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതി രാജ്യതലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡ് ശ്രദ്ധേയമായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ വിദേശ സൈന്യം പങ്കെടുത്തുവെന്ന സവിശേഷതയോടെയാണ് അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യതലസ്ഥാനം വേദിയായത്.
ഭാരതത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മകള്‍ക്ക് പ്രണാമമര്‍പ്പിച്ച് രാവിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് രജ്്പഥിലെത്തിയ പ്രധാനമന്ത്രി ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മുഖ്യാതിഥിയായി പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദ് എന്നിവരെ സ്വീകരിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ത്രിവര്‍ണപതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്.
കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ലാന്‍സ് നായിക് മോഹന്‍ ഗോസ്വാമിക്ക് രാഷ്ട്രപതി അശോകചക്ര നല്കി. മോഹന്‍ ഗോസ്വാമിയുടെ ഭാര്യയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മിഗ് 17 ഹെലികോപ്ടറുകളുടെ പുഷ്പവൃഷ്ടി. ഇതിന് പിന്നാലെയായിരുന്നു പ്രൗഢഗംഭീരമായ പരേഡ് ആരംഭിച്ചത്. മൂന്ന് മണിക്കൂറോളം നീളുന്ന പരേഡിന്റെ സമയം ഇക്കുറി 90 മിനിറ്റുകളായി ചുരുക്കിയിരുന്നു.
ഫ്രഞ്ച് സേനയുടെ സെവന്ത് ആംഡ് ബ്രിഗേഡിലെ മുപ്പത്തിയഞ്ചാം ഇന്‍ഫാന്ററി റെജിമെന്റിലെ സംഘമായിരുന്നു ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് പരേഡില്‍ പങ്കെടുത്തത്. ലഫ്. കേണല്‍ പോള്‍ ബറിയാണ് സംഘത്തെ നയിച്ചത്. വന്‍ കരഘോഷത്തോടെയാണ് രജ്പഥിന്റെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിരുന്ന കാണികള്‍ ഫ്രഞ്ച് സൈന്യത്തെ സ്വീകരിച്ചത്.
26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും പരേഡിന്റെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ആകാശ് ഉള്‍പ്പെടെയുളള ആയുധങ്ങളും പരേഡില്‍ അണിനിരത്തി. സൈന്യത്തിന്റെ പരേഡിന് ശേഷം വിവിധ സംസ്ഥാനങ്ങളും സേനാ വിഭാഗങ്ങളും അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും രജ്പഥില്‍ അണിനിരന്നു.
ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യമായിരുന്നു ഈ ദൃശ്യങ്ങളില്‍ അധികവും പ്രതിഫലിച്ചത്. സിക്കിം അവതരിപ്പിച്ച ബുദ്ധജയന്തിയും ഗുജറാത്ത് അവതരിപ്പിച്ച ഗീര്‍ വനമേഖലയിലെ താമസക്കാരുടെ ദൃശ്യവും ഗോവയിലെ പെര്‍ണി വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള മാസ്ക് ഡാന്‍സും രാജസ്ഥാനിലെ ഹവ്വാ മഹലും ഒക്കെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം വിളിച്ചോതുന്നതായിരുന്നു. അംബേദ്ക്കറിന്റെ 125 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നിശ്ചലദൃശ്യവും പരേഡില്‍ ശ്രദ്ധേയമായി.
വിവിധ സ്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തവും ചടങ്ങില്‍ വര്‍ണാഭമായി. തുടര്‍ന്ന് സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.