അഗർത്തല : റിപ്പബ്ലിക്ക് ദിനത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ത്രിപുര മന്ത്രി വെട്ടിലായി . ത്രിപുരയിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബിജിത നാഥിനാണ് നാക്കു പിഴച്ചത്.
ധർമ്മ നഗർ ബി ബി ഐ ഗ്രൗണ്ടിൽ റിപ്പബ്ലിക്ക് ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പറഞ്ഞത് ഇങ്ങനെ . ” രാജ്യത്തിന്റെ 67 മത് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ . ദേശീയ നേതാക്കൾ രാഷ്ട്രത്തിനു വേണ്ടി നൽകിയ സംഭാവനകൾ ഇത്തരുണത്തിൽ ഓർക്കേണ്ടതാണ് ” തുടർന്ന് പ്രസംഗത്തിൽ എല്ലായിടത്തും സ്വാതന്ത്ര്യ ദിനം എന്ന് തന്നെയാണ് മന്ത്രി ഉപയോഗിച്ചത് .
ബിജിത നാഥിന്റെ പ്രസംഗം അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ത്രിപുര കോൺഗ്രസ് പ്രസിഡന്റ് ബിരജിത് സിൻഹ പറഞ്ഞത് . ഒരിക്കൽ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിന് സുഭാഷ് ചന്ദ്രബോസിന് പ്രണാമമർപ്പിച്ച ആളാണത്രെ ബിജിത . വിമർശിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.
സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്ക് ദിനവും തിരിച്ചറിയാത്തവരൊക്കെ ശാസ്ത്ര സാങ്കേതികം പോലെ ഭാരമേറിയ വകുപ്പിന്റെ ചുമതലയിലിരിക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് മൃണാൾ കാന്ത് ദേവ് പറഞ്ഞു. ബിജിത പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.