കോയമ്പത്തൂര്‍: അവശജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവര്‍ പിന്നാക്കക്കാരനായ തന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നരേന്ദ്ര മോദി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോയമ്പത്തൂരില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ദളിതരെ തനിക്കെതിരേ തിരിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ദളിതരെ വോട്ട് ബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയ കക്ഷികളുടെ ഉറക്കം കെടുത്തുകയാണ്. മഹാനായ ഡോ. അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്ത തന്നെ, ചിലര്‍ ദളിത് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
സംവരണം എടുത്തുകളയാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് ഇക്കൂട്ടരുടെ പ്രചാരണം. അംബേദ്ക്കറുടെ പേര് നിലനില്‍ക്കുന്നിടത്തോളം ദളിതരുടെ സംവരണം തുടരുമെന്ന് മോദി ഉറപ്പ് നല്കി.
ദരിദ്രരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ബോണസ് ലഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ അതിനായുള്ള ബല്ലുകള്‍ രാജ്യസഭയില്‍ തടഞ്ഞിരിക്കുകയാണ്. ദരിദ്രരുടെ ഉന്നമനത്തിന് തടസമാകുന്നത് ഈ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ്. സാധാരണക്കാര്‍ക്ക് നേട്ടം ഉണ്ടാക്കുന്നതിന് തടസമായി നില്ക്കുന്ന നിയമങ്ങള്‍ ഇല്ലാതാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായും കൂട്ടിച്ചേര്‍ത്തു.