ന്യൂഡല്‍ഹി: ഭാരതത്തിന്റെ അഭിമാന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുമായി കൈകോർക്കുവാൻ അമേരിക്കൻ വ്യോമയാന കന്പനിയായ ബോയിംഗ് തയ്യാറെടുക്കുന്നു. പദ്ധതിയുടെ ഭാഗമായി സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനങ്ങൾ നിർമിക്കാനാണ് ബോയിംഗ് ലക്ഷ്യമിടുന്നത്. ഇതിനായി വൻസാന്പത്തിക നിക്ഷേപം ബോയിംഗ് നടത്തിയേക്കും.
എഫ്.എ 18 സീരിസിൽ പെട്ട സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള സാധ്യതയാണ് അമേരിക്കൻ വിമാനനിർമാണ കന്പനിയായ ബോയിംഗ് തേടുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അഞ്ചാം തലമുറയിൽപെട്ട ഫൈറ്റർ ജറ്റുകൾ രൂപപ്പെടുത്താനും ബോയിംഗ് ലക്ഷ്യമിടുന്നതായി കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെനിസ് മ്യൂലൻബർഗ് വ്യക്തമാക്കി. ദശലക്ഷം ഡോളറുകളുടെ നിക്ഷേപം ബോയിംഗ് ഇന്ത്യൻ നിർമാണമേഖലയിൽ നടത്തുമെന്നും ഇത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണെന്നും ഡെനിസ് മ്യൂലൻബർഗ് പറഞ്ഞു.
ഇതിന് പുറമെ സാങ്കേതിക മികവുള്ള ബോയിംഗ് 737 മാക്സ് പ്ലെയ്നുകളും, സിംഗിൾ എഞ്ചിൻ ഗ്രിപ്പൻ എയർക്രാഫ്റ്റും തദ്ദേശീയമായി നിർമിക്കുവാൻ പദ്ധതിയുണ്ട്. ഭാരതത്തെ നിക്ഷേപ സൗഹൃദ രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ തുടക്കം കുറിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് വ്യാവസായിക ലോകത്ത് പിന്തുണയേറുന്നതിന്റെ ശുഭസൂചനയാണ് ബോയിംഗിന്റെ പുതിയ ചുവടുവയ്പുകൾ.