ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നടപ്പിലാക്കേണ്ട പരിഷ്കാരം സംബന്ധിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് അടുത്തമാസം മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇത് സെക്കന്‍ഡ് ഇന്നിംഗ്സ് ആണെന്ന് കരുതരുതെന്നും എല്ലാം കഴിഞ്ഞുവെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തെ ബിസിസിഐ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐപിഎല്‍ വാതുവെയ്പ് വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതി തടയുന്നതിനും നടപടികള്‍ സുതാര്യമാക്കുന്നതിനും സുപ്രീംകോടതിയാണ് ജസ്റ്റീസ് ആര്.എം ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
ജനുവരി ആദ്യവാരം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമിതി കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ബിസിസിഐയുടെ ഭരണഘടനയില്‍ അടക്കം സമൂലമായ മാറ്റങ്ങളാണ് ലോധകമ്മിറ്റി നിര്‍ദ്ദേശിച്ചത്. ഒഫീഷ്യലുകള്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതും, രാഷ്ട്രീയപ്രവര്‍ത്തകര്‍ ഭരണസമിതിയില്‍ അംഗങ്ങളാകുന്നതും തടയണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.
കൂടാതെ ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നായ ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലിനും, ഇന്ത്യന്‍ ക്രിക്കറ്റിനും വ്യത്യസ്തമായ ഭരണസമിതി വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് ബിസിസിഐ നേതൃത്വം സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അടുത്തമാസം മൂന്നിനകം നിലപാട് വ്യക്തമാക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.