റായ്പൂർ : ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാൻ പ്രത്യേക സൈനിക നീക്കം. 2016 വർഷത്തെ മാവോയിസ്റ്റ് വിരുദ്ധ വർഷമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഛത്തീസ് ഗഡ് പോലീസും സി ആർ പി എഫും സ്പെഷ്യൽ ഫോഴ്സും സംയുക്തമായി മാവോയിസ്റ്റ് ഭീകരതയെ തുടച്ചു നീക്കാൻ തയ്യാറെടുക്കുന്നത് .
കഴിഞ്ഞ ആറുമാസമായി മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിൽ പോലും കടന്നു ചെല്ലാൻ സേനയ്ക്ക് കഴിഞ്ഞിരുന്നു . കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ ആദ്യമായാണ് ഒരു മേൽക്കൈ നേടാൻ സേനയ്ക്ക് കഴിഞ്ഞത് . നിരവധി മാവോയിസ്റ്റുകൾ കീഴടങ്ങുകയും കുറച്ച് സ്ഥലങ്ങളിലും ശൃംഖലകൾ തകർക്കാനുമായതാണ് നേട്ടമുണ്ടാക്കിയത് .
ചുവപ്പിടനാഴിയിൽ തങ്ങളുടെ പിടി അയയുന്നതിൽ വിഹ്വലരായ മാവോയിസ്റ്റുകൾ അടുത്ത ആറുമാസത്തിനുള്ളിൽ വൻ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട് . ഇതാണ് അങ്ങോട്ടു കയറി ആക്രമിക്കാൻ സേനയെ നിർബന്ധിതരാക്കുന്നത് .
ധർമ , സുക്മ , ബീജാപൂർ മേഖലയിൽ കേന്ദ്രീകരിച്ച് ഓപ്പറേഷൻ നടത്താനാണ് തീരുമാനം . തദ്ദേശീയരുടെ വിശ്വാസം ആർജ്ജിക്കാനുള്ള പൊതുയോഗങ്ങൾ, വികസന പദ്ധതികൾ എന്നിവ നടത്തുന്നതിനോടൊപ്പമാണ് സൈനിക നീക്കങ്ങളും . ബീജാപൂരിൽ ഇതിനോടകം തന്നെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഈ ജനുവരിയിൽ അൻപതോളം മാവോയിസ്റ്റുകൾ കീഴടങ്ങളിനു നിർബന്ധിതരായപ്പോൾ ഇരുപത്തിമൂന്നോളം പേർ കൊല്ലപ്പെടുകയുണ്ടായി . സേനയുടെ ഭാഗത്ത് നിന്ന് ആൾനാശം ഉണ്ടാകാതെയാണ് ഈ നേട്ടം .
ഈ വർഷം അവസാനത്തോടെ ധർബയും ബസ്തർ മേഖലയുടെ കിഴക്കും തെക്കും മാവോയിസ്റ്റ് രഹിത മേഖലയാക്കാൻ കഴിയുമെന്നാണ് പോലീസിന്റെ അവകാശവാദം. ജന മിലിഷ്യ , സംഘ എന്നീ മാവോയിസ്റ്റ് സേനാ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ കേഡറുകൾ കീഴടങ്ങാൻ തയ്യാറായത് മാവോയിസ്റ്റ് സംഘടനകളുടെ നട്ടെല്ലൊടിച്ചിട്ടുണ്ട് .
012 ൽ വെറും 34 പേരെ മാത്രം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ സ്ഥാനത്ത് കഴിഞ്ഞ വർഷം നൂറ്റിയൻപത് പേർ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ട് . ഇത് റെക്കോർഡാണ് . എന്തായാലും വൻ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന മാവോയിസ്റ്റ് ഭീഷണിയെ അതേ നാണയത്തിൽ തന്നെ നേരിടാനാണ് സേനയുടെ തീരുമാനം.