ആലപ്പുഴ: രാഷ്ട്രീയ യാത്രക്കപ്പുറം സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയമായ മാതൃകയാവുകയാണ് വിമോചന യാത്ര. ചികിത്സാ ധനസഹായം മുതല്‍ പുരസ്കാരദാനം വരെ ഓരോ പരിപാടിയിലും സംഘടിപ്പിക്കപ്പെടുന്നു. കുമ്മനം രാജശേഖരനോടുള്ള തങ്ങളുടെ ആദരവ് പ്രകടമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംഘാടകരുടെ പക്ഷം.
നാടിന്റെ ശത്രുക്കളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരജവാന് ജോമോന് ജോര്‍ജ്ജിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് വിമോചനയാത്രാ നായകന് ആലപ്പുഴയില്‍ തന്റെ യാത്ര ആരംഭിച്ചത് തന്നെ. പിന്നീട് ദൃശ്യ അനാഥാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം പ്രാതല്‍. ഇങ്ങനെ ലളിതജീവിതവും സാഹോദര്യഭാവവും സ്വഭാവസവിശേഷതയായുള്ള കുമ്മനം നയിക്കുന്ന യാത്രയ്ക്കുമുണ്ട് ഒരുപാട് പ്രത്യേകതകള്‍. ചികിത്സാ ധനസഹായം മുതല്‍ പുരസ്കാരദാനം വരെ ഓരോ സ്വീകരണ സ്ഥലങ്ങളിലും സംഘാടകര്‍ ഒരുക്കുന്നു.
ക്യാന്‍സര്‍ ബാധിതര്‍ മുതല്‍ ഡയാലിസിസ് രോഗികള്‍ വരെയുള്ളവര്‍ക്ക് ചികിത്സാ സഹായം, ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാനുള്ള സഹായധനം, സ്വയം തൊഴില്‍ സംരംഭത്തിനുള്ള പിന്തുണ തുടങ്ങി നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് നല്കി വരുന്നത്. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ അനുമോദിക്കുന്നതിനൊപ്പം ദീര്‍ഘകാലം സംഘടനയ്ക്കും നാടിനും വേണ്ടി പ്രവര്‍ത്തിച്ച പഴയകാല പ്രവര്‍ത്തകരെ ആദരിക്കുന്നതിനുള്ള വേദി കൂടിയായി മാറുന്നുണ്ട് വിമോചന യാത്ര.