ബംഗലൂരു: ഹനുമന്തപ്പ കൊപ്പാഡ് എന്ന ലാന്‍സ് നായിക് ഹനുമന്തപ്പ ജീവിതത്തില്‍ ഏറെ ദുര്ഘടങ്ങള് താണ്ടിയാണ് രാജ്യസേവനത്തിലേക്ക് എത്തിയത്. സിയാച്ചിനിലെ തണുത്തുറഞ്ഞ മഞ്ഞുമലകളെക്കാള്‍ ദുഷ്കരമായിരുന്നു ഈ വഴികള്‍. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രം കൈമുതലായിരുന്ന ആ ധീരന് സൈനികനായത് കാവ്യനീതിയായിരുന്നു. ആറ് ദിവസം മഞ്ഞിനടിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് തുണയായത് മനക്കരുത്തും യോഗാഭ്യാസവും ആയിരുന്നു.
കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ജനിച്ച ഹനുമന്തപ്പ ദിവസവും ആറ് കിലോമീറ്ററോളം നടന്നാണ് സ്കൂളില്‍ പോയിരുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് കരുത്തായത് ജീവിത സാഹചര്യങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെട്ടിട്ടും പിന്തിരിയാതെ, നിശ്ചയദാര്‍ഢ്യം ഒന്നു മാത്രം കൈമുതലാക്കിയാണ് സേനയില്‍ സേവനത്തിനെത്തിയത്.
2002ല്‍ 19 മദ്രാസ് റെജിമെന്റില്‍ ചേര്‍ന്ന അദ്ദേഹം ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉളള മേഖലകളിലെ സേവനം ചോദിച്ചു വാങ്ങുകയായിരുന്നു. കാലാവസ്ഥയും ഭീകരരും ഭീഷണി ഉയര്‍ത്തുന്ന ജമ്മു കശ്മീരിലും ബോഡോ കലാപകാരികളുടെ സാന്നിദ്ധ്യമുളള അസമിലും പോരാട്ട വീര്യത്തോടെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 13 വര്‍ഷത്തെ സൈനിക സേവനത്തില്‍ 10 വര്‍ഷവും അപകടം പതിയിരിക്കുന്ന മേഖലകളില്‍.
യോഗാഭ്യാസി ആയിരുന്ന അദ്ദേഹം യോഗ പഠിക്കാന്‍ മറ്റ് സൈനികര്‍ക്കും പ്രചോദനമായിരുന്നു. 35 അടി താഴ്ചയില്‍ മഞ്ഞുപാളികളോട് മല്ലിട്ട് ജീവന് നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത് നിശ്ചയദാര്‍ഢ്യത്തോടൊപ്പം യോഗാഭ്യാസവും ആണെന്ന് സൈനിക ഉദ്യാഗസ്ഥര്‍ തന്നെ പറയുന്നു. പകല്‍സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ മൈനസ് 55 ഡിഗ്രി. ചുറ്റും നോക്കിയാല്‍ ഒന്നുംകാണാനില്ല. മഞ്ഞുമലകള്മാത്രം. അന്തരീക്ഷമര്‍ദ്ദം വളരെകൂറവ്. ശ്വസിക്കാന്‍ തന്നെ വളരെ വിഷമം. ഇതാണ് ലോകത്തിലെ എറ്റവും ഉയര്‍ന്ന കാവല്ഭൂമിയുടെ ചിത്രം. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ഹനുമന്തപ്പയും സഹപ്രപര്ത്തകരും അതിര്‍ത്തി കാത്ത് വന്നത്. മഞ്ഞിന്റെ പ്രഹരമേറ്റ് ദേഹം മുറിയാത്ത ദിവസങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നില്ല.
വലിയൊരു വായുകുമിളയില് അകപ്പെട്ടതാവണം ഹനുമന്തപ്പയുടെ ജീവന് നിലനില്ക്കാന് കാരണമായത് എന്നായിരുന്നു വിദഗ്ധരുടെ ആദ്യ നിഗമനം. എന്നാല്‍ ലഭിച്ച സൈനിക പരിശിലനം ഹനുമന്തപ്പ വിദഗ്ധമായി ഉപയോഗിച്ചുവെന്ന നിരിക്ഷണമാണ് അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ പങ്കു വയ്ക്കുന്നത്. മൂക്കിനും വായയ്ക്കും ചുറ്റും ഒരു വായുകുമിള ഉണ്ടാക്കി ശ്വാസത്തിനു വഴികണ്ടെത്തുന്ന രിതിയാണ് അദ്ദേഹം അവലംബിച്ചതെന്നാണ് ഡോകടര്‍മാരുടെ നിഗമനം. അതായത് ആറുദിവസം രാവും പകലും ഒന്ന് ചലിയ്ക്കുകപോലും ചെയ്യാതെ ഹനുമന്തപ്പ പ്രതികൂല കാലവസ്ഥയോട് പൊരുതി എന്ന് ചുരുക്കം. ധീരവും മാതൃകാപരവുമാകുന്നു ഹനുമന്തപ്പ എന്ന സൈനികന്റെ ചെറുത്ത് നില്‍പ്പ്.
36 അടിവരെ മഞ്ഞുവീഴ്ച ഇവിടെ സാധാരണമായിരുന്നു.അപ്പോള്‍ തന്നെ മഞ്ഞ് നീക്കം ചെയ്ത് സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകാതെ സംരക്ഷിക്കാന്‍ ഹനുമന്തപ്പയ്ക്കും സഹസൈനികര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു ശ്രമം പുരോഗമിയ്ക്കവെയാണ് ഹിമപാതം ഉണ്ടായത്. രാജ്യസേവനത്തിനിടെ ഹനുമന്തപ്പ വന്ന വഴി മറക്കാനും തയ്യാറായിരുന്നില്ല. താന്‍ പഠിച്ച സ്കൂളിലെ കുട്ടികള്‍ക്ക് ടൈയും ബെല്‍റ്റും വാങ്ങിനല്‍കിയ ശേഷമാണ് ഒടുവില്‍ നാട്ടില്‍ നിന്ന് മടങ്ങിയത്.
ജീവിത സാഹചര്യങ്ങളോട് എന്ന പോലെ മരണത്തോടും ഏറെ പൊരുതിയ ശേഷമാണ് അദ്ദേഹം കീഴടങ്ങിയത്. മനുഷ്യനെ പേടിക്കാത്ത ഹനുമന്തപ്പയെ ഭയപ്പെടുത്താന്‍ മഞ്ഞുപാളികള്ക്കുമായില്ല. ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തിന്റെ പ്രതീകമായി ലാന്‍സ് നായിക് ഹനുമന്തപ്പ ഭാരതീയരുടെ മനസ്സില്‍ എന്നും നിലകൊളളും.