ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ ആരോപണ വിധേയനായ ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകന് എസ്.എ.ആര്. ഗിലാനിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ മാസം 10ന് ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന പൊതു പരിപാടിക്കിടെ, ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ഗിലാനിയെ അറസ്റ്റ് ചെയ്തത്. ജെഎന്‍യുവില്‍ നടന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗിലാനിക്ക് പങ്കുണ്ടെന്നും പൊലിസ് സംശയിക്കുന്നു.
ഗിലാനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് ഗീലാനിക്കും കണ്ടാലറിയാവുന്ന മറ്റു ചിലര്ക്കുമെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍ എന്നിവ ചേര്‍ത്താണ് എഫ്ഐആര്‍ തയാറാക്കിയത്.