കൊൽക്കത്ത : സർവകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ അപലപിച്ച് ജാദവ്പൂർ സർവകലാശാല അധികൃതർ രംഗത്തെത്തി. കോളേജ് യൂണിയന് സംഭവവുമായി ബന്ധമില്ലെന്നും പുറത്ത് നിന്നുള്ള തീവ്ര കക്ഷികളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നും സർവകലാശാല വൈസ് ചാൻസലർ സുരഞ്ചൻ ദാസ് പ്രതികരിച്ചു.
ജെ.എൻ.യു.വിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യകുമാറിന്റെ അറസ്റ്റിനെതിരേ ജാദവ്പൂർ സർവ്വകലാശാലയിലെ ഇടത് വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് അഫ്സൽഗുരുവിനെയും എസ്.എ.ആർ. ഗിലാനിയെയും പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചത്.കശ്മീരിനും മണിപ്പൂരിനും ഭാരതത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ട പ്രക്ഷോഭകർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു.
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജാദവ് പൂർ സർവ്വകലാശാലയിൽ നിന്ന് ഗോൾ പാർക്കിലേക്ക് നടന്ന പ്രകടനത്തിൽ നിരവധി ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകർ പങ്കെടുത്തിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ സർവകലാശാല അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. കോളജ് അധികൃതരുടെ അനുമതിയോടെയല്ല പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതെന്നും കോളജ് യൂണിയന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരഞ്ചൻ ദാസ് പ്രതികരിച്ചു.
ദേശവിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കില്ല. ക്യാമ്പസിനു പുറത്തുള്ള തീവ്രനിലപാടുള്ള വിഭാഗമാണ് സംഭവത്തിന് പിന്നിലെന്നും കോളജിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൽ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും സുരഞ്ചൻ ദാസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാറിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.