റായ്പൂര്‍: ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജി
നാഷണല്‍ റൂര്‍ബന്‍ മിഷന് തുടക്കമായി. ഛത്തീസ്ഗഢിലെ ഗോത്ര മേഖലയായ രാജ്നന്ദഗാവ് ജില്ലയിലെ കുരൂഭട്ടില് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുളള യുവാക്കളുടെ കുടിയേറ്റം നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രാജ്യത്തെ മുന്നൂറ് ഗ്രാമങ്ങള്‍ വളര്‍ച്ചയുടെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഉള്‍നാടന്‍ പ്രദേശങ്ങള്‍ വികസിക്കാതെ പൂര്‍ണമായ സാമ്പത്തിക വികസനം സാദ്ധ്യമാകില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം വികസനത്തിന്റെ പുതിയ ദിശയിലാണ് സഞ്ചരിക്കുന്നത്. ഉള്‍നാടന്‍ ജനതയ്ക്ക് നല്ല ജീവിതം പ്രദാനം ചെയ്യണമെന്നും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് മുതല്‍ റൂര്‍ബന്‍ മിഷന് വരെ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പ്രധാനമായും പാവങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പറഞ്ഞു. 300 ഗ്രാമങ്ങളില്‍ നൂറെണ്ണം ഇക്കൊല്ലം തന്നെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്, കേന്ദ്ര ഗ്രാമവികസനമന്ത്രി ബിരേന്ദ്ര സിംഗ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരമ്പരാഗത വേഷവും തലപ്പാവും അണിയിച്ചാണ് പ്രധാനമന്ത്രിയെ വേദിയില്‍ സ്വീകരിച്ചത്.