തിരുവനന്തപുരം: രാജ്യദ്രോഹികളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കരുതെന്ന് മോഹന്‍ലാല്‍. രാജ്യത്ത് ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. പൗരന്റെ രാജ്യസ്നേഹം അമ്മയും മക്കളും തമ്മിലുളള ബന്ധം പോലെയാണ്. വളര്‍ത്തി വലുതാക്കിയ അമ്മയെ തളളിപ്പറയുകയും അവരെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കളെ സമൂഹം ഏത് നിലയിലാണ് കാണുന്നതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.
സിയാച്ചിനിലെ സൈനികരുടെ ജീവത്യാഗം പരാമര്‍ശിച്ചുകൊണ്ടാണ് ബ്ലോഗ് ആരംഭിക്കുന്നത്. നാല് മാസം പ്രായമായ മകള്‍ മീനാക്ഷിയെ ഒരു തവണ പോലും കാണാതെ യാത്രയായ കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷും ഹനുമന്തപ്പമാരും ആകാശത്തിലെ മേഘങ്ങള്‍ തൊടുന്ന സ്ഥലത്ത് സ്വന്തം ഉടല് മൂടിപ്പൊതിഞ്ഞ് കൃത്യമായി ഭക്ഷണം കഴിക്കാനോ നിത്യകര്‍മ്മങ്ങള്‍ ചെയ്യാനോ ആകാതെ ഉറക്കമൊഴിഞ്ഞ് ഏകാഗ്രമായി കാവല്‍ നില്‍ക്കുന്നുണ്ട്. ജീവന് നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കാവല്‍ നില്ക്കുന്ന സൈനികരെ അപമാനിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലോ ബഹളങ്ങളിലോ തനിക്ക് താല്പര്യമില്ലെന്ന് പറയുന്ന മോഹന്‍ലാല്‍ പക്ഷെ അതിന് കാരണമായ മനോഭാവമാണ് തന്നെ അലട്ടുന്നതെന്നും വ്യക്തമാക്കുന്നു. രാജ്യം എന്നത് നാം ചവിട്ടി നില്ക്കുന്ന ഈ മണ്ണാണ്. നമ്മുടെ തലയ്ക്ക് മുകളിലുളള ആകാശമാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവുമാണ്. എന്തുകൊണ്ടാണ് നാം അത്ഭുതപ്പെടുത്തുന്ന ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും അതിന് കാവല്‍ നില്ക്കുന്ന ഹിമാലയത്തെക്കുറിച്ചും അതിനെ നനയ്ക്കുന്ന മഹാനദികളെക്കുറിച്ചും നമ്മുടെ മക്കളോട് പറഞ്ഞു കൊടുക്കാത്തതെന്നും അത് ചെയ്താല്‍ ഒരു മകനും മകളും ഇവിടെ ജീവിച്ച് ഇന്ത്യയ്ക്കെതിരേ മുദ്രാവാക്യം വിളിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
കുട്ടികളെ അയയ്ക്കേണ്ടത് സംസ്കാരത്തിന്റെ സര്വ്വകലാശാലകളിലേക്കാകണം അങ്ങനെയാണെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയില്‍ അവര്‍ സല്യൂട്ട് ചെയ്യാനും പഠിക്കുമെന്നും പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. രാജ്യത്തെ ഏതെങ്കിലും രീതിയില്‍ പുരോഗതിയിലേക്ക് നയിക്കുമെങ്കില്‍ എല്ലാ സമരങ്ങളും നല്ലതാണെന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒരിഷ്ടിക കൂടി വെയ്ക്കുമെങ്കില്‍ എല്ലാ ചര്‍ച്ചകളും നല്ലതാണെന്നും മോഹന്‍ ലാല്‍ ചൂണ്ടിക്കാട്ടുന്നു.
എത്രയോ പേര് ജീവന് നല്കി നേടിയ, നിലനിര്‍ത്തുന്ന രാജ്യസ്വാതന്ത്ര്യത്തെ കൂടുതല്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കാത്തതൊക്കെ വ്യര്‍ത്ഥമാണെന്നും മാതൃനിന്ദ കൂടിയാണെന്നും മോഹന്‍ ലാല്‍ വിമര്‍ശിക്കുന്നു. സ്നേഹവും ആദരവും രാജ്യത്തിന് വേണ്ടി മരിക്കാനുളള സന്നദ്ധതയുമാണ് നമ്മുടെ ആയുധങ്ങളെന്നും അത് കൈവെടിഞ്ഞാല്‍ നാം ബുദ്ധിജീവികളാകുമായിരിക്കും പക്ഷെ നല്ല മക്കളാകില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂർണ്ണ രൂപം