കശ്മീർ : പാമ്പോറിൽ ഭീകരർക്കെതിരെ സൈനികർ പോരാടുമ്പോൾ തൊട്ടടുത്ത പള്ളികളിൽ നിന്നെല്ലാം ഉയർന്നത് ഭീകരർക്ക് വിജയം നേർന്നു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ . ഫ്രെസ്റ്റേബാൽ ,ദ്രാംഗ്ബാൽ , കദ്ലാബാൽ, സെമ്പോര എന്നിവിടങ്ങളിലെ പള്ളികളിൽ നിന്നാണ് ലൗഡ് സ്പീക്കർ വഴി ഭീകരർക്ക് വിജയം ആശംസിച്ചത് .
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഇതിനോടൊപ്പം ഉയർന്നു . ഭീകരർക്കെതിരെയുള്ള പോരാട്ടത്തെ തടയാൻ നൂറുകണക്കിന് പേരാണ് സംഭവ സ്ഥലത്തെത്തിയത് . കണ്ണീർ വാതക പ്രയോഗം നടത്തിയും ലാത്തിച്ചാർജ്ജ് നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ സംഭവ സ്ഥലത്ത് നിന്ന് ഒഴിവാക്കിയത് .
വിഘടനവാദികളുടെ ശക്തി കേന്ദ്രങ്ങളായ ത്രാൽ തുടങ്ങിയ മേഖലകളിൽ ഭീകരരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കുകയാണ് . 48 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്ന് ഭീകരരെ വക വരുത്താനായത് .
ശ്രീനഗർ – ജമ്മു ദേശീയ പാതയിൽ സി ആർ പി എഫ് വാഹന വ്യൂഹത്തിന് നേരേ ഭീകരർ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത് . നാലു നിലക്കെട്ടിടത്തിൽ ഒളിച്ച ഭീകരരെ തുരത്താൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നിരുന്നു . രണ്ട് ക്യാപ്റ്റന്മാരുൾപ്പെടെ അഞ്ച്ച് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .