പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിന്റെ ശിക്ഷാവിധിയെ അപലപിച്ച മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ നിലപാട് നിരുത്തരവാദപരമെന്ന് ബി.ജെ.പി. കാശ്മീർ അതിർത്തിയിലെ വിഘടന വാദികൾക്ക് ഊർജം പകരാനെ ഇത്തരം പ്രസ്താവന ഉപകരിക്കു. ചിദംബരത്തിന്റെ വിവാദ പ്രസ്താവന ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെയും രാജ്യത്തെ നിയമവാഴ്ചയേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശർമ കുറ്റപ്പെടുത്തി.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം വിവാദ പ്രസ്താവന നടത്തിയത്. 2001 ലെ പാർലമെന്റ് ആക്രമണക്കേസിൽ മുഖ്യപ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ കാര്യത്തിൽ കേസ് ശരിയായ രീതിയിലല്ല തീർപ്പാക്കിയതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ആക്രമണത്തിൽ അഫ്സൽ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണ്. പങ്കുണ്ടെങ്കിൽ തന്നെ തൂക്കിലേറ്റേണ്ടിയിരുന്നില്ല, ശിക്ഷ ജീവപര്യന്തത്തിൽ ഒതുക്കാമായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
ഇക്കാര്യത്തിൽ കോടതി എത്തിച്ചേർന്ന നിഗമനത്തിൽ തനിക്ക് സംശയമുണ്ടെന്നും ചിദംബരം വ്യക്തമാക്കി. ശിക്ഷാവിധി നടപ്പാക്കിയ സമയത്ത് യു.പി.എ സർക്കാറിൽ അംഗമായിരുന്നതിനാൽ കോടതി വിധി നടപ്പാക്കുന്നതിൽ അഭിപ്രായം പറയാൻ കഴിഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു. അഫ്സൽ ഗുരുവിനെ പ്രകീർത്തിച്ച് ജെ.എൻ.യു സർവകലാശാലയിൽ ഇടത് വിദ്യാർത്ഥികൾ പ്രക്ഷോഭം സംഘടിപ്പിച്ചത് വിവാദമായിരിക്കെയാണ് ചിദംബരത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ യു.പി.എ സർക്കാറിൽ ധനകാര്യവകപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും ചുമതല വഹിച്ചിരുന്ന ചിദംബരത്തിന്റെ അഭിമുഖം കോൺഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. വിവാദ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി കേന്ദ്രനേതൃത്വം രംഗത്തെത്തി. പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെയും രാജ്യത്തെ നിയമവാഴ്ചയേയും അപമാനിക്കുന്നതിന് തുല്യമാണ് പ്രസ്താവനയെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശർമ കുറ്റപ്പെടുത്തി. കാശ്മീർ അതിർത്തിയിലെ വിഘടന വാദികൾക്ക് ഊർജം പകരാനെ ഇത്തരം പ്രസ്താവന ഉപകരിക്കൂവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.