കൊച്ചി: ട്രാഫിക് ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ പ്രേക്ഷകരിലെത്തിച്ച യുവസംവിധായകന് രാജേഷ് പിളള അന്തരിച്ചു. കരള്‍ രോഗം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെറ്റായ ഭക്ഷണക്രമമായിരുന്നു രാജേഷ് പിളളയെ അസുഖബാധിതനാക്കിയത്. 42 വയസായിരുന്നു.
അവസാന ചിത്രമായ വേട്ടയുടെ ഷൂട്ടിംഗിനും അവസാന ജോലികള്‍ക്കും പലപ്പോഴും ആശുപത്രിക്കിടക്കയില്‍ നിന്നായിരുന്നു അദ്ദേഹം എത്തിയിരുന്നത്. ചിത്രത്തിന്റെ ഫൈനല്‍ മിക്സിംഗ് നടക്കുന്നതിനിടെ ന്യുമോണിയ പിടിപെട്ടതാണ് നില വഷളാക്കിയത്. ഇന്നലെയായിരുന്നു വേട്ടയുടെ റിലീസ്.
എണ്ണിയാലൊടുങ്ങാത്ത സിനിമകള്‍ കൊണ്ടല്ല എണ്ണം പറഞ്ഞ സിനിമകള്‍ കൊണ്ടായിരുന്നു രാജേഷ് പിളള എന്ന സംവിധായകന് ശ്രദ്ധിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി 2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമാണ് ആദ്യ ചിത്രം. എന്നാല്‍ 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആണ് കരിയറില്‍ വഴിത്തിരിവായത്. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ രാജേഷ് പിളള എന്ന സംവിധായകന്റെ പ്രതിഭ വിളിച്ചറിയിക്കുന്നതായിരുന്നു.
തിയറ്ററുകളില്‍ നിശബ്ദമായി വന്ന വിജയം നേടിയ സിനിമയായിരുന്നു ട്രാഫിക്. സഞ്ജയ് ബോബി ടീമിന്റെ തിരക്കഥയില്‍ രാജേഷ് പിളള അണിയിച്ചൊരുക്കിയ ട്രാഫിക് മലയാളത്തിലെ ന്യൂജെന്‍ സിനിമയുടെ തുടക്കം കൂടിയായി. ട്രാഫിക് വന്‍ വിജയമായതോടെ ഇതിന്റെ ഹിന്ദി പതിപ്പും രാജേഷ് പിളള സംവിധാനം ചെയ്തിരുന്നു.
നിവിന്‍ പോളിയും അമല പോളും മുഖ്യകഥാപാത്രങ്ങളായ മിലിയും രാജേഷ് പിളളയുടെ സംവിധാന മികവ് വെളിപ്പെടുത്തുന്നതായിരുന്നു. ഇതിനിടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിന് രൂപമായെങ്കിലും അത് മാറ്റിവെച്ചാണ് മിലിയുടെ പ്രവര്‍ത്തനങ്ങളുമായി രാജേഷ് പിള്ള ഇറങ്ങിയത്.